കേരള പൊലീസിന്റെ വയര്‍ലസ് സന്ദേശം ചോര്‍ത്തിയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ഗൂഗിള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും ഷാജന്‍ സ്‌കറിയക്കും എതിരെ കേസ്. ഗൂഗിള്‍ എല്‍എല്‍സി, ഗൂഗിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഗൂഗിള്‍ ഇന്ത്യ തലവന്‍ സഞ്ജയ് ഗുപ്ത, ഡയറക്ടര്‍മാരായ ഫിയോന മേരി ബോണ്‍സ്, കെന്നത്ത് ഹൊഹിയി, റോബോര്‍ട്ട് ഏര്‍നെസ്റ്റ് ആന്‍ ഡ്രീറ്റ, കാശിമാറ്റ് വിശ്വനാഥ സ്വാമി എന്നിവര്‍ ഒന്നു മുതല്‍ 7 വരെയും ടൈഡിങ് ഡിജിറ്റല്‍ പബ്ലിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ ഷാജന്‍ സ്‌കറിയ, സോജന്‍ സ്‌കറിയ, ബിജു തോമസ് എന്നിവര്‍ 8 മുതല്‍ 11വരെയും പ്രതികളാണ്. കൊച്ചി പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-9ന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുത്തത്. 4 മുതല്‍ ഏഴുവരെയുള്ള പ്രതികളുടെ സമ്മതത്തോടെ എട്ടുമുതല്‍ 11വരെയുള്ള പ്രതികള്‍ പൊലീസിന്റെ വയര്‍ലെസ് സെറ്റുകള്‍ ഹാക്ക് ചെയ്ത കുറ്റകരമായ രീതിയില്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. ഇവര്‍ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 66 എ (1) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അഭിഭാഷകനായ ഫിര്‍ദൗസ് അമ്മണത്ത് നല്‍കിയ സ്വകാര്യ അന്യായത്തിലാണ് നടപടി.നേരത്തെ ഫിര്‍ദൗസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പൊലീസ് മേധാവിയ്ക്കും ഫിര്‍ദൗസ് പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.