കാര്യവട്ടം: ഞായറാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി20 മത്സരത്തിനായി ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. വിശാഖപട്ടണത്തെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം കാര്യവട്ടത്ത് കളിക്കാന്‍ ഇറങ്ങുന്നത്. എന്നാല്‍ മത്സരം വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാവും ഓസീസിന്റെ ശ്രമം.തിരുവനന്തപുരത്തെത്തുന്ന ഇന്ത്യന്‍ ടീമിന് ഹയാത് റീജന്‍സിയിലും ഓസ്‌ട്രേലിയന്‍ ടീമിന് താജ് വിവന്തയിലുമാണ് താമസം ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതല്‍ നാല് വരെ ഓസ്‌ട്രേലിയന്‍ ടീം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. വൈകീട്ട് അഞ്ച് മുതല്‍ എട്ട് വരെയാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലന സമയം. മത്സര ശേഷം ടീമുകള്‍ തിങ്കളാഴ്ച ഗുവാഹത്തിയിലേക്ക് പോകും.
കാര്യവട്ടത്ത് മികച്ച റെക്കോര്‍ഡാണ് ഇന്ത്യന്‍ ടീമിനുള്ളത്. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ഇന്ത്യയ്‌ക്കൊപ്പമായിരുന്നു വിജയം. രണ്ട് ഏകദിനങ്ങളിലും രണ്ട് ട്വന്റി20കളിലും ഇന്ത്യ തിരുവനന്തപുരത്ത് വിജയിച്ചു. ഒരു ട്വന്റി20യില്‍ മാത്രമാണ് ഇന്ത്യന്‍ സംഘം ഗ്രീന്‍ഫീല്‍ഡില്‍ പരാജയപ്പെട്ടത്.