മൊബൈൽ റീചാർജ് ചെയ്യുന്നതിന് ഫീസ് ഈടാക്കി ഗൂഗിൾ പേ

മൊബൈൽ റീചാർജു ചെയ്യുന്നതിന് ഫീസ് ഈടാക്കി ഗൂഗിൾ പേ. കൺവീനിയൻസ് ഫീസ് എന്ന ഇനത്തിൽ മൂന്നു രൂപയോളമാണ് ഗൂഗിൾ പേ അധികമായി ഈടാക്കുന്നത്. ഒരു ഗൂഗിൾ പേ ഉപഭോക്താവിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പലരും ഇക്കാര്യം ശ്രദ്ധിച്ചു തുടങ്ങി. കൺവീനിയൻസ് ഫീസ് ജിഎസ്ടി ഉൾപ്പെടെയുള്ളതാണെന്ന് പങ്കുവെച്ച സ്‌ക്രീൻഷോട്ടിൽ നിന്ന് മനസിലാകുന്നത്. എന്നാൽ ഗൂഗിൾ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല.101 രൂപ മുതൽ 200 രൂപ വരെയുള്ള തുകയുടെ റീച്ചാർജുകൾക്ക് 2 രൂപ ഫീസ് നൽകണം. 301 രൂപയ്ക്ക് മുകളിലുള്ള റീച്ചാർജുകൾക്ക് 3 രൂപ നൽകണം. നിലവിൽ, മൊബൈൽ റീചാർജുകൾക്ക് മാത്രമേ ഫീസ് ബാധകമാകൂ.100 രൂപ വരെ ചെലവ് വരുന്ന റീച്ചാർജുകൾക്ക് അ‌ധിക ഫീസ് നൽകേണ്ടതില്ല. ഗൂഗിൾ പേ വഴിയുള്ള വൈദ്യുതി ബിൽ പേയ്‌മെന്റുകൾ പോലുള്ള മറ്റ് ഇടപാടുകൾ സൗജന്യമായി തുടരും.

വർഷങ്ങളോളം ഉപയോക്താക്കളെ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകൾ അടയ്ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിൾ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്. ഈ ഫീസ് ഒഴിവാക്കുന്നതിനായി ഉപയോക്താക്കൾക്ക് ടെലിക്കോം ഓപ്പറേറ്ററുടെ ആപ്പിൽ നിന്നോ വെബ്‌സൈറ്റിൽ നിന്നോ നേരിട്ട് റീചാർജ് ചെയ്യാവുന്നതാണ്.