കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തി?; കാറില്‍ വച്ച് കഴുത്ത് ഞെരിച്ച് കൊന്ന് കൊക്കയില്‍ തള്ളിയെന്ന് വെളിപ്പെടുത്തല്‍

കോഴിക്കോട് നിന്നും ഒരാഴ്ച മുമ്പ് കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയെ കൊലപ്പെടുത്തിയതായി സംശയം. മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് മൊഴി നൽകിയത്. കാറില്‍ വെച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും, മൃതദേഹം ഗൂഡല്ലൂരിലെ കൊക്കയില്‍ തള്ളിയെന്നുമാണ് യുവാവ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെയും കൊണ്ട് പൊലീസ് ഗൂഡല്ലൂരില്‍ തിരച്ചിനായി പുറപ്പെട്ടു. സ്വര്‍ണാഭരണം കവര്‍ച്ച ചെയ്യുന്നതിനാണ് കൊലപാതകം നടത്തിയത്. കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കാറില്‍ യാത്ര തിരിച്ചതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ​ഗൂഡല്ലൂർ സ്വദേശി സുലൈമാൻ എന്നയാളും കൊലപാതകത്തിന് സഹായം ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ഒരാഴ്ച മുമ്പാണ് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശിനി സൈനബ (59) യെ  കാണാതായതായി പൊലീസിന് പരാതി ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കസബ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഫോണ്‍ വഴിയാണ് സ്ത്രീയെ പരിചയപ്പെടുന്നത്. മൃതദേഹം കണ്ടെത്തിയാല്‍ മാത്രമേ കൊലപാതകം ഉറപ്പിക്കാനാകൂ എന്നും പൊലീസ് സൂചിപ്പിച്ചു.