ആലപ്പുഴ: കടബാധ്യതയെ തുടർന്ന് കുട്ടനാട്ടിൽ നെൽകർഷകൻ ആത്മഹത്യ ചെയ്തു. തകഴി കുന്നമ്മ സ്വദേശി കെ ജി പ്രസാദാണ് ആത്മഹത്യ ചെയ്തത്. പി ആർ എസ് കുടിശികയുടെ പേരിൽ ബാങ്കുകൾ വായ്പ തരുന്നില്ലെന്നും ജീവിക്കാൻ ബുദ്ധിമുട്ടാണെന്നും ആത്മഹത്യ ചെയ്യുന്നതിന് മുൻപ് സുഹൃത്തിലെ ഫോണിൽ വിളിച്ച് പറഞ്ഞ ശേഷമായിരുന്നു ആത്മഹത്യ. കിസാൻ സംഘിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റാണ് പ്രസാദ്.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെ തിരുവല്ലയിലെ ആശുപത്രിയിൽ വച്ചായിരുന്നു പ്രസാദിന്റെ മരണം. തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യയും മക്കളും ഇന്നലെ പകൽ വീട്ടിൽ ഉണ്ടായിരുന്നില്ല. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനെ ഫോണിൽ വിളിച്ച് വേദനകള്‍ പങ്കുവെച്ച ശേഷമാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. രണ്ടാം കൃഷി ഇറക്കിയ തനിക്ക് വളവും കീടനാശിനിയും കണ്ടെത്താൻ പണമില്ലെന്നും വായ്പക്കായി പല ബാങ്കുകളിൽ കയറി ഇറങ്ങിയിട്ടും പി ആർ എസ് വായ്പ കുടിശിഖ ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ തരുന്നില്ലെന്നും പ്രസാദ് കണ്ണീരോടെ പറഞ്ഞു.
ഫോൺ കട്ട് ചെയ്ത് ഉടൻ ശിവരാജൻ അയൽക്കാരോട് പ്രസാദിന്റെ വീട്ടിലെത്താൻ പറഞ്ഞു. അപ്പോഴേക്കും വിഷം കഴിച്ച് അവശനിലയിലായിരുന്ന പ്രസാദിനെ അയൽക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ പൊലീസ് നടത്തിയ തെരച്ചിലിൽ വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തന്റെ മരണത്തിന് സർക്കാർ മാത്രമാണ് ഉത്തരവാദിയെന്ന് ആത്മഹത്യാകുറിപ്പിൽ പ്രസാദ് പറയുന്നു. തന്റെ കയ്യിൽ വാങ്ങിയ നെല്ലിന് പണം തരാതെ സർക്കാർ വായ്പയാണ് തന്നതെന്നും കുടിശ്ശിക അടക്കേണ്ട ബാധ്യത സർക്കാരിന് മാത്രമാണ്. ഇതിൽ വീഴ്ച വരുത്തിയതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പിൽ പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.