*ലോകസാഹിത്യത്തിന് ചുക്കാൻ പിടിക്കുന്ന ബാലചന്ദ്രൻ ആറ്റിങ്ങലിന് അഭിമാനമാകുന്നു*

 ആഗോളതലത്തിൽ നിത്യേന സാംസ്കാരിക- സാഹിത്യ പുരസ്കാരങ്ങളും അവാർഡുകളും തേടിയെത്തുന്ന ഒരു സാംസ്കാരിക നായകനുണ്ട് ആറ്റിങ്ങലിൽ.

 87 രാഷ്ട്രങ്ങളെ പങ്കെടുപ്പിച്ച് 365 ദിവസം ഇടതടവില്ലാതെ സാഹിത്യ സാംസ്കാരിക സൗഹാർദ്ദ ആശയവിനിമയം ഓൺലൈനായി സംഘടിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ച ബാലചന്ദ്രൻ. ഈ യജ്ഞത്തിൽ കൂടി ഇന്ന് ജീവിച്ചിരിക്കുന്ന 300 ലേറെ ലോക കവികളെ കേരളത്തിലെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.

 ആറ്റിങ്ങൽ ബി ടി എസിന് സമീപം വിളയിൽ വീട്ടിൽ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും നേതാവുമായിരുന്ന സിപി ശേഖരപിള്ളയുടെയും ഭവാനിയമ്മയുടെയും മകൻ ബാലചന്ദ്രനാണ് ആറ്റിങ്ങലിന്റെ ഇതിഹാസ സാഹിത്യകാരനും സാംസ്കാരിക നായകനുമായി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

 30 വർഷത്തെ അർദ്ധ സൈനിക സേവനം സി ആര്‍ പി എഫിൽ. സർക്കിൾ ഇൻസ്പെക്ടറായി റിട്ടയറായി. തിരിച്ചെത്തി ഏഴുവർഷം ആറ്റിങ്ങലിൽ പെയിന്റ് വ്യാപാരം. പിന്നെ എട്ടുവർഷം സ്വകാര്യബാങ്ക് മാനേജർ. പിന്നെയിങ്ങോട്ട് സാഹിത്യ ജപം തന്നെയായിരുന്നു ബാലചന്ദ്രന് .
 ഇക്കാലത്തൊക്കെ ബാലചന്ദ്രന്റെ സാഹിത്യ സാംസ്കാരിക കലാപ്രവർത്തനം അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു കാലം.

 എട്ട് സ്കൂളുകളിലായി 247 കുട്ടികളുടെ കവിതകൾ സ്കൂൾതലത്തിൽ സൗജന്യമായി കവിതാ സമാഹാരമായി പ്രസിദ്ധീകരിച്ചു നൽകി.
 ആറ്റിങ്ങൽ മേഖലയിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന 4O7 വിദ്യാർത്ഥികളെ കവികളായി ലോക സാഹിത്യത്തിന് പരിചയപ്പെടുത്തി ബാലചന്ദ്രൻ. ഒപ്പം ഇതിൽപ്പെട്ട ഒരു വിദ്യാർത്ഥിയുടെ ആജീവനാന്ത വിദ്യാഭ്യാസ ചെലവ് ഒരു വിദേശ കവയത്രിയെ കൊണ്ട് ഏറ്റെടുപ്പിച്ചു.

     വിദ്യാർത്ഥി ആയിരിക്കുമ്പോൾ മുതൽ ബാലചന്ദ്രൻ തമിഴിൽ കഥകൾ എഴുതി തുടങ്ങി . ആനന്ദവികടന്‍, റാണി എന്നിവയിൽ അവ പ്രസിദ്ധീകരിച്ചു. മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലും തെലുങ്കിലുമായി 6000 ത്തിൽപരം കവിതകൾ ബാലചന്ദ്രൻ രചിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി അഞ്ച് കവിതാ സമാഹാരങ്ങൾക്ക് ജൻമം നൽകി.
 77 ലോകഭാഷകളിലേക്ക് സുഹൃത്തുക്കൾ വഴി പരിഭാഷപ്പെടുത്തി. മലയാളത്തിലെ ഒരു കവിതാ സമാഹാരം ഇംഗ്ലീഷിലേക്ക് സെറ്റപ്പ് എന്നപേരിൽ പരിഭാഷപ്പെടുത്തി.
 4 ചലച്ചിത്ര തിരക്കഥകൾ തയ്യാറാക്കി.

 സമഗ്ര സാഹിത്യ സംഭാവനയ്ക്ക് ഗുജറാത്ത്, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ 2021ൽ ബാലചന്ദ്രന് ലഭിച്ചു.
 റോം ആസ്ഥാനമായ കവികളുടെ ആഗോള സംഘടനയുടെ സീനിയർ മാനേജരായി പ്രവർത്തിക്കുകയാണ് ബാലചന്ദ്രൻ ഇപ്പോൾ.
 നൂറിലേറെ ആഗോള സാഹിത്യ സംഘടനകളുടെ ഉപദേശകനായും അഡ്മിനിസ്ട്രേറ്റായും ബാലചന്ദ്രൻ പ്രവർത്തിക്കുന്നുണ്ട്.
 യുനെസ്കോയുടെ അംഗീകാരമുള്ള ഗ്ലോബൽ പീസ് ആൻഡ് ഹ്യൂമൻ റൈറ്റ്സ്‌ അംബാസിഡർ ആണ് ഈ ആറ്റിങ്ങിലുകാരൻ .

  ബംഗ്ലാദേശിലെ ഡാക്ക ആസ്ഥാനമായി ലോകതലത്തിലുള്ള ന്യൂസ് പേപ്പർ സംഘടനയുടെ വിഐപി കാർഡ് ഹോൾഡറാണ് ഇദ്ദേഹം.

ലോക തലത്തിലുള്ള അവാർഡുകൾ ഇപ്പോഴും നിത്യേന ബാലചന്ദ്രനെ തേടിയെത്തുന്നുണ്ട്.

 തീരുന്നില്ല, ബാലചന്ദ്രന്റെ വീരേതിഹാസങ്ങൾ........
    
 2OO5 ജൂലൈ മാസത്തിൽ ബാലചന്ദ്രൻ ആറ്റിങ്ങലെ ഒരു കടയിൽ ഇരിക്കുന്നു.
 ഈ സമയം വലിയൊരു വിലാപയാത്ര ആറ്റിങ്ങലേക്ക് കടന്നുവരുന്നു. അലങ്കരിച്ച വാഹനത്തിൽ മുൻ മുഖ്യമന്ത്രിയും തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനുമായ പി കെ വാസുദേവൻ നായരുടെ മൃതദേഹമാണ്. അദ്ദേഹത്തിന്റെ മൃതദേഹത്തിൽ സമർപ്പിക്കുവാനായി തയ്യാറാക്കിയ റീത്തുകൾ ബാലചന്ദ്രന്റെ മനസ്സിൽ വല്ലാത്തൊരു കരടായി മാറി.
 പരിപാവനമായ മൃതദേഹത്തിന് മുകളിൽ വയ്ക്കുവാനായി തയ്യാറാക്കിയ റീത്തുകൾ നിർമ്മിച്ചിരിക്കുന്നത് ഓടകളിലും ചവർ കൂനകളിലും കിടന്നിരുന്ന സൈക്കിൾ ടയറുകൾ കൊണ്ടായിരുന്നു എന്നതാണ് ബാലചന്ദ്രൻ എന്ന മനുഷ്യസ്നേഹിയെ ചൊടിപ്പിച്ചത്.

 പിന്നെ ബാലചന്ദ്രൻ അമാന്തിച്ചില്ല. റീത്ത് ഉണ്ടാക്കുന്ന കടകളിൽ പോയി രഹസ്യമായി റീത്തുകളുടെ ഫോട്ടോ എടുത്തു. എന്നിട്ട് ഫോട്ടോ സഹിതം അന്നത്തെ മുഖ്യമന്ത്രി, സ്പീക്കർ, സാംസ്കാരിക മന്ത്രി എന്നിവർക്ക് പരാതി നൽകി.
 മുഖ്യമന്ത്രി ഉടൻതന്നെ പരാതി അന്വേഷണത്തിനായി ആറ്റിങ്ങൽ പോലീസിന് കൈമാറി. സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ ലാൽജി അന്വേഷണം ഏറ്റെടുത്തു . 40 ഓളം പൂക്കടക്കാരെ വിളിച്ചുവരുത്തി വിശദമായ ചർച്ച നടത്തി റിപ്പോർട്ട് നൽകി.
 അസംബ്ലിയിൽ വിഷയം ചർച്ചയായി.
 തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഉത്തരവിറങ്ങി.

 പരിപാവനമായ മൃതദേഹത്തെയും ദേശീയ പതാകയെയും അവഹേളിക്കുന്ന തരത്തിൽ മലീമസമായ ടയറുകളും മറ്റും ഉപയോഗിച്ച് റീത്ത് നിർമ്മിക്കുന്നത് നിരോധിച്ചാണ് ഉത്തരവിറങ്ങിയത്.

 അതോടെയാണ് ടയറുകൾ ഉപയോഗിച്ചുള്ള റീത്തുകളുടെ നിർമ്മാണം സംസ്ഥാനത്ത് നിലച്ചത്.

 അങ്ങനെ, ബാലചന്ദ്രൻ എന്ന ആറ്റിങ്ങൽക്കാരനായ ഈ സാധാരണ മനുഷ്യൻ നാട്ടിലും രാജ്യത്തും ശ്രദ്ധേയനും ബഹുമാന്യനുമായി.

 സാംസ്കാരിക സാഹിത്യ മേഖലയ്ക്ക് നൽകിയ വിലപ്പെട്ട സേവനത്തിന്റെ അംഗീകാരവും ബഹുമതിയുമായിട്ടാണ്, ലോകരാജ്യങ്ങളിൽ നിന്നും ബാലചന്ദ്രന്റെ പേരിൽ ആറ്റിങ്ങലിലേക്ക് നിത്യേനയെന്നോളം പുരസ്കാരങ്ങളും അവാർഡുകളും എത്തിക്കൊണ്ടിരിക്കുന്നത്.

 ഇത് ഈ നാടിന് ലഭിക്കുന്ന തിളക്കവും ബഹുമതിയും തന്നെയാണ്.