ലോകകപ്പിൽ ഓസ്ട്രേലിയക്ക് ഇന്ന് നിർണായക മത്സരം. ഇന്ന് അഫ്ഗാനിസ്താനെതിരായ മത്സരം വിജയിച്ചാൽ ഓസ്ട്രേലിയക്ക് സെമി ഉറപ്പിക്കാം. ഓസ്ട്രേലിയയെ അട്ടിമറിക്കാനായാൽ അഫ്ഗാനിസ്താൻ ന്യൂസീലൻഡിനെ മറികടന്ന് നാലാം സ്ഥാനത്തും എത്തും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം. ഇതിനകം ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് സെമിയിൽ പ്രവേശിച്ച ടീമുകൾ.ഏറ്റവുമധികം ലോകകപ്പുകൾ നേടിയ ഓസ്ട്രേലിയ കടലാസിൽ അഫ്ഗാനിസ്താന് എതിരാളികളേയല്ല. ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയത്തിൽ നിന്ന് പൂർവാധികം ശക്തിയോടെ തിരികെവന്ന ഓസീസ് തുടരെ അഞ്ച് മത്സരങ്ങൾ വിജയിച്ചുകഴിഞ്ഞു. ബിസിനസ് എൻഡിൽ പതിവുപോലെ തകർത്ത് കളിക്കുന്ന ഓസ്ട്രേലിയ അതേ പാതയിലാണ് മുന്നോട്ടുപോകുന്നത്. ടോപ്പ് ഓർഡറിൽ ഡേവിഡ് വാർണർ കാഴ്ചവെക്കുന്ന സ്ഥിരത ഓസീസ് പടയോട്ടത്തെ സഹായിക്കുന്നുണ്ട്. ടോപ്പ് ഓർഡറിൽ ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് എന്നിവരും ഫോമിലാണ്. മധ്യനിരയിൽ മാർനസ് ലബുഷെയ്നും ഗ്ലെൻ മാക്സ്‌വലും തകർപ്പൻ പ്രകടനങ്ങൾ നടത്തുന്നു. സ്റ്റീവ് സ്മിത്ത് മാത്രമാണ് ഇതുവരെ ഒരു വലിയ ഇന്നിംഗ്സ് കളിക്കാത്തത്. ബൗളർമാരിൽ ആദം സാമ്പ അസാമാന്യ പ്രകടനങ്ങൾ തുടരുമ്പോൾ പേസർമാർ സാമ്പയ്ക്ക് മികച്ച പിന്തുണയാണ് നൽകുന്നത്. ടീമിൽ മാറ്റമുണ്ടാവാനിടയില്ല.മറുവശത്ത് ഒരു സ്വപ്ന യാത്രയിലാണ് അഫ്ഗാനിസ്താൻ. ഇംഗ്ലണ്ട്, പാകിസ്താൻ, ശ്രീലങ്ക എന്നീ മുൻ ചാമ്പ്യന്മാരെ വീഴ്ത്തിയ അഫ്ഗാൻ പൂർണമായും പ്രൊഫഷണൽ സമീപനമാണ് കാഴ്ചവെക്കുന്നത്. എല്ലാ താരങ്ങളും അവരവരുടെ ജോലി കൃത്യമായി ചെയ്യുന്നു. റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും ചില നല്ല പ്രകടനങ്ങൾ നടത്തി. റഹ്മത് ഷായും ക്യാപ്റ്റൻ ഹഷ്മതുള്ള ഷാഹിദിയുമാണ് അഫ്ഗാൻ്റെ ബാറ്റിംഗ് കരുത്ത്. ഇരുവർക്കും മൂന്ന് വീതം ഫിഫ്റ്റികളുണ്ട്. ബൗളിംഗിൽ എടുത്തുപറയത്തക്ക പേരില്ലെങ്കിലും റാഷിദ് ഖാൻ, ഫസലുൽ ഹഖ് ഫാറൂഖി, മുഹമ്മദ് നബി, മുജീബ് റഹ്മാൻ തുടങ്ങിയവർ അടങ്ങുന്ന ബൗളിംഗ് നിര ശക്തമാണ്. ഇവരിലേക്ക് നൂർ അഹ്മദ് കൂടി എത്തുമ്പോൾ വളരെ ശക്തമായ ബൗളിംഗ് നിര അഫ്ഗാനുണ്ട്.
അഫ്ഗാനിസ്താനെതിരെ വിജയിച്ച് ഓസ്ട്രേലിയ സെമിയുറപ്പിക്കാൻ തന്നെയാണ് സാധ്യത. ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ കളിക്കുന്ന താരങ്ങളെ ഒരുമിച്ച് നിയന്ത്രിക്കുക എന്നത് അഫ്ഗാനിസ്താന് എളുപ്പമാവില്ല.