പട്ടികയിൽ ഏറ്റവും താഴെയാണ് സ്ഥാനമെങ്കിലും രണ്ട് വിജയം സ്വന്തമാക്കാൻ ടൂർണമെന്റിലെ ചെറുമീനുകളായ നെതർലൻഡ്സിനായിട്ടുണ്ട്. ഇന്ന് ഇന്ത്യയെ അട്ടിമറിച്ചാൽ കാര്യങ്ങൾ പ്രതീക്ഷയ്ക്കപ്പുറമെത്തിക്കാൻ സ്കോട്ട് എഡ്വേർഡിനും സംഘത്തിനും കഴിയും. വിജയിച്ചാൽ അവസാന സ്ഥാനക്കാരെന്ന ചീത്തപ്പേര് ഒഴിവാക്കുന്നതിനോടൊപ്പം 2025ലെ ചാമ്പ്യൻസ് ട്രോഫി യോഗ്യതയ്ക്കുള്ള സാധ്യത നിലനിർത്താനുമാവും. ഇന്ത്യയുടെ അപരാജിത കുതിപ്പിന് തടയിട്ട അണ്ടർഡോഗ്സെന്ന സ്വപ്നതുല്യ പദവിയും ഇതോടൊപ്പം ഡച്ച് പടയ്ക്ക് വന്നുചേരും.
മറുവശത്ത് ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും വിജയിച്ച നീലപ്പട ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പിച്ചിരുന്നു. കിവീസാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി. സമ്മർദ്ദങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഡച്ച് പടയ്‌ക്കെതിരെ ഇറങ്ങുന്നത്. എങ്കിലും കിവീസിനെതിരായ സെമി പോരാട്ടത്തിന് ടീം സജ്ജമാണെന്ന് ഇന്ത്യയ്ക്ക് ഉറപ്പുവരുത്തേണ്ടത്. ഒരുപക്ഷേ ഇന്നത്തെ മത്സരത്തിൽ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കാം.
ഏകദിന ക്രിക്കറ്റിലെ ആദ്യ 50-ാമത് സെഞ്ച്വറി ഇന്നത്തെ മത്സരത്തിൽ പിറക്കുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ചിന്നസ്വാമിയില്‍ ഇന്ന് സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് സാധിച്ചാല്‍ ഏകദിന സെഞ്ച്വറി റെക്കോര്‍ഡില്‍ സാക്ഷാല്‍ സച്ചിനെ മറികടക്കാനാകും. ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഏകദിന ക്രിക്കറ്റ് കരിയറിലെ 49-ാം സെഞ്ച്വറി തികച്ച മുൻ ഇന്ത്യൻ നായകൻ റെക്കോർഡിൽ സച്ചിനൊപ്പമെത്തിയിരുന്നു. കൊൽക്കത്തയിലെ തകർപ്പൻ പ്രകടനം ചിന്നസ്വാമിയിലും ആവർത്തിച്ചാൽ 50-ാം ഏകദിന സെഞ്ച്വറിയെന്ന ചരിത്രം കുറിക്കാൻ കോഹ്‌ലിക്ക് സാധിക്കും.