കൊച്ചി: തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിംഗിന് ഹൈക്കോടതിയുടെ വിലക്ക്. നടന്‍ ജോജു ജോര്‍ജ്ജിന്റെ ആദ്യ സംവിധാന സംരംഭമായ 'പണി' എന്ന ചിത്രത്തിന്റെ പ്രദേശത്തെ ചിത്രീകരണത്തിനാണ് വിലക്ക്. മണികണ്ഠനാല്‍ മുതല്‍ ക്ഷേത്രനട വരെയുള്ള ഭാഗത്ത് ഷൂട്ടിംഗ് നടത്തിയാല്‍ വിശ്വാസികളെ ബാധിക്കും. ഷൂട്ടിംഗിന് അനുമതി നിഷേധിച്ച ദേവസ്വം കമ്മിഷണറുടെ ഉത്തരവ് റദ്ദാക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, സോഫി തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി.
സിനിമ പ്രൊഡക്ഷന്റെ ഭാഗമായ ബൗണ്‍സര്‍മാര്‍ വിശ്വാസികളെ നിയന്ത്രിക്കും. വിശ്വാസികള്‍ക്ക് നിയന്ത്രണമുണ്ടാകുന്ന പ്രവര്‍ത്തികള്‍ക്ക് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കരുത്. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങളില്‍ നിന്ന് മുക്തമായി സൂക്ഷിക്കേണ്ട ഇടമാണ് ക്ഷേത്ര മൈതാനം. ആചാരങ്ങളെ തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചിന്‍ ദേവസ്വം അനുമതി നല്‍കരുതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.