തിരുവനന്തപുരം: ദേവസ്വം ബോർഡ് നോട്ടീസ് വിവാദത്തിന് പിന്നാലെ ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ നിന്ന് വിട്ടുനിന്ന് രാജകുടുംബ പ്രതിനിധികൾ. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ക്ഷേത്രപ്രവേശന വിളംബര വാർഷിക പരിപാടിയില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചതാണെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് അറിയിച്ചു.
ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 87ാം വാർഷിക പരിപാടിയുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ നോട്ടീസാണ് വിവാദത്തിലായത്. രാജകുടുംബത്തെ വാഴ്ത്തുന്ന നോട്ടീസ് നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ക്ഷേത്രപ്രവേശനത്തിനായുള്ള പോരാട്ടത്തെ വിസ്മരിക്കുന്നുവെന്നുമാണ് വിമർശനം ഉയര്‍ന്നത്. പിശക് പറ്റിയെന്ന് നോട്ടീസ് തയ്യാറാക്കിയ ദേവസ്വം സാംസ്ക്കാരിക വിഭാഗം ഡയറക്ടർ സമ്മതിക്കുമ്പോൾ നോട്ടീസ് പിൻവലിക്കണമെന്ന് ഇടത് അനുഭാവികളടക്കം ആവശ്യം ഉയര്‍ത്തിയിരുന്നു.
അതേസമയം, രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കാത്തത് അനാരോഗ്യം മൂലമാണെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ അനന്തഗോപൻ പ്രതികരിച്ചത്.