മോഹക്കപ്പിൽ ആര് മുത്തമിടും?; ഇന്ത്യ- ഓസ്ട്രേലിയ ഫൈനൽ പോരാട്ടം ഇന്ന്

അഹമ്മദാബാദിൽ ഇന്ന് ഇന്ത്യ-ഓസ്ട്രേലിയ കലാശക്കളി. ടൂർണമെൻ്റിൽ 10 മത്സരങ്ങൾ തുടരെ വിജയിച്ച് ആധികാരികമായി കലാശപ്പോരിലെത്തിയ ഇന്ത്യയും ആദ്യ രണ്ട് കളി പരാജയപ്പെട്ടപ്പോഴുണ്ടായ പരിഹാസങ്ങളെ കാറ്റിൽ പറത്തി 8 തുടർ ജയങ്ങളുമായി ഫൈനൽ പ്രവേശനം നേടിയ ഓസ്ട്രേലിയയും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി മുതൽ പരസ്പരം കൊമ്പുകോർക്കും.ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യക്ക് ടോസ് നിർണായകമാണ്. ഈ മൈതാനത്ത് ടൂർണമെന്റിൽ ഇതുവരെ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകൾക്കയിരുന്നു മുൻതൂക്കം. ഈ ലോകകപ്പിൽ നാല് മത്സരങ്ങൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്നപ്പോൾ അതിൽ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത്.

അതേസമയം, ടോസ് നിര്‍ണായകമല്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറയുന്നത്. ഓരോ ദിവസവും കാലാവസ്ഥയില്‍ മാറ്റമുണ്ട്. ഏത് കണ്ടീഷനിലും കളിക്കാന്‍ ടീം പ്രാപ്തരാണ്. ആക്രമിച്ചു കളിക്കാൻ നേരത്തെ തീരുമാനിച്ചതാണെന്നും രോഹിത് പറഞ്ഞു.

കഴിഞ്ഞ 10 മത്സരങ്ങളും ജയിച്ച് ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഇന്ത്യ മികച്ചുനിന്നു. രോഹിതും ഗില്ലും വിരാടും രാഹുലും ശ്രേയസും അപാര ഫോമിൽ. അതിലും മികച്ച് ബൗളിംഗ് അറ്റാക്ക്. സൂപ്പർ ഷമിയും ബുംറയും കുൽദീപും ജഡേജയും ഫോം തുടർന്നാൽ ഇന്ത്യ കപ്പുയർത്തും.

ഓസ്ട്രേലിയയുടെ കാര്യത്തിൽ മാക്‌സ്‌വെല്ലിനെപ്പോലുള്ള മാച്ച് വിന്ന‌ർമാരുടെ കൂടാരമാണ്. ഓൾറൗണ്ടർ മിച്ചൽ മാർഷ്, ബാറ്റർമാരായ ഡേവിഡ് വാർണർ,​ സ്‌റ്റീവ് സ്മിത്ത്, ആൾറൗണ്ടർ ട്രാവിസ് ഹെഡ്ഡ്,​ പേസർമാരായ​ മിച്ചൽ സ്റ്റാർക്ക്,​ പാറ്റ് കമ്മിൻസ്, ഹേസൽവുഡ്,​ സ്പിന്നർ ആദം സാംപ എന്നിവരെല്ലാം അപകടകാരികൾ.

5 ലോകകപ്പുകൾ നേടിയിട്ടുള്ളവരാണ് ഓസ്ട്രേലിയ.1987ൽ ഇന്ത്യയിൽ വച്ചായിരുന്നു അവരുടെ ആദ്യ കിരീടനേട്ടം. 1999, 2003, 2007, 2015 വർഷങ്ങളിൽ മറ്റ് കിരീടങ്ങൾ. 2തവണയാണ് ഇന്ത്യ കപ്പുയർത്തിയത്. 1983ൽ കപിൽസ് ഡെവിൾസ് ടീം ആദ്യം കിരീടമണിയിച്ച് ചരിത്രം കുറിച്ചു. 2011ൽ ധോണിയുടെ നേതൃത്വത്തിൽ രണ്ടാം കിരീടം.