നാവായിക്കുളം, കിളിമാനൂർ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തുകളായി പ്രഖ്യാപിച്ചു
രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യത്തെ ബ്ലോക്ക് പഞ്ചായത്തായി കിളിമാനൂർ ബ്ലോക്ക്. അതിന് മുന്നോടിയായി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള നാവായിക്കുളം, കിളിമാനൂർ ഗ്രാമപഞ്ചായത്തുക്കളെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തുകളായി പ്രഖ്യാപിച്ചു. സ്മാർട്ട് ഫോൺവഴിയുള്ള സേവനങ്ങൾ പരസഹായമില്ലാതെ ഉപയോഗിക്കാൻ എല്ലാവരേയും പ്രാപ്തരാക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം കണ്ടത്.
ഏറ്റവും കൂടുതൽ പേരെ ഡിജിറ്റൽ സാക്ഷരത പരിശീലിപ്പിച്ച നാവായിക്കുളം പഞ്ചായത്തിലായിരുന്നു ആദ്യ പ്രഖ്യാപനം. നവായിക്കുളം ദേവസ്വം ഹാളിൽ നടന്ന ചടങ്ങിൽ ഇൻഫർമേഷൻ കേരള മിഷൻ ഡയറക്ടർ ഡോ.സന്തോഷ് ബാബു പഞ്ചായത്ത്തല പ്രഖ്യാപനം നിർവഹിച്ചു. കിളിമാനൂർ രാജാ രവി വർമ സ്മാരക സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ ജയപ്രകാശ് കിളിമാനൂർ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ചു. നാവായിക്കുളം പഞ്ചായത്തിൽ 7,332 പേരും കിളിമാനൂർ പഞ്ചായത്തിൽ 3,129 പേരും ഡിജിറ്റൽ സാക്ഷരത കൈവരിച്ചു.