രോഹിത് വിക്കറ്റ് വലിച്ചെറിഞ്ഞു! ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് തകര്‍ച്ച; പ്രതീക്ഷ കോലി-രാഹുല്‍ സഖ്യത്തില്‍

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 16 ഓവറില്‍ മൂന്നിന് 101 എന്ന നിലയിലാണ്. വിരാട് കോലി (34), കെ എല്‍ രാഹുല്‍ (10) എന്നിവരാണ് ക്രീസില്‍. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. നേരത്തെ, മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. ശുഭ്മാന്‍ ഗില്ലാണ് (4) ആദ്യം മടങ്ങുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിക്കവെ മിഡ് ഓഫില്‍ ആഡം സാംപയ്ക്ക് ക്യാച്ച്. അഹമ്മദാബാദില്‍ ഐപിഎല്‍ കളിച്ച് വലിയ പരിചയമുള്ള ഗില്‍ ഏറെ നിരാശപ്പെടുത്തി. ഇതിനിടെ രോഹിത് ഒരുവശത്ത് തന്റെ അറ്റാക്കിംഗ് ശൈലി തുടര്‍ന്നു. എന്നാല്‍ 31 ന്ത് മാത്രമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ ആയുസ്. അതിനോടകം 47 റണ്‍സ് രോഹിത് നേടിയിരുന്നു. കോലി - രോഹിത് സഖ്യം 46 റണ്‍സാണ് നേടിയത്. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്നാണ് രോഹിത് മടങ്ങുന്നത്. ആ ഓവറില്‍ ഓരോ സിക്‌സും ഫോറും രോഹിത് നേടിയിരുന്നു. അടുത്ത പന്ത് സിക്‌സടിക്കാനുള്ള ശ്രമത്തില്‍ രോഹിത് ട്രാവിസ് ഹെഡിന് ക്യാച്ച് നല്‍കി. തൊട്ടടുത്ത ഓവറില്‍ കമ്മിന്‍സ് ശ്രേയസ് അയ്യരെ മടക്കി. നാല് റണ്‍സ് മാത്രമെടുത്ത അയ്യര്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇന്‍ഗ്ലിസിന് ക്യാച്ച് നല്‍കി. കോലി - രാഹുല്‍ സഖ്യം 35 ഓവര്‍ വരെയെങ്കിലും ക്രീസില്‍ നിന്നാലെ ഇന്ത്യക്ക് മികച്ച സ്‌കോറിലെത്താന്‍ കഴിയൂ. ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാക്സ്വെല്‍, ജോഷ് ഇംഗ്ലീസ് (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ആദം സാംപ, ജോഷ് ഹേസല്‍വുഡ്.