മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി സന്ദേശം. പൊലീസ് ആസ്ഥാനത്തേക്കാണ് സന്ദേശമെത്തിയത്. സ്‌കൂ ള്‍ വിദ്യാര്‍ത്ഥിയാണ് ഭീഷണി സന്ദേശമയച്ചതിന് പിന്നിലെന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസ് പറഞ്ഞു.ഇന്നലെ വൈകുന്നേരം അഞ്ചേ കാലോടെയാണ് പൊലീസ് ആസ്ഥാനത്തേക്ക് ഒരു ഫോണ്‍ കോളെത്തിയത്. ഫോണില്‍ വിളിച്ചയാള്‍ ആദ്യം മോശമായി സംസാരിക്കുകയും പിന്നാലെ മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസിന്റെ എമര്‍ജന്‍സി സപ്പോര്‍ട്ടിങ് നമ്പരായ 112ലേക്ക് വിളിച്ചായിരുന്നു വധഭീഷണി മുഴക്കിയത്. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന്, വിളിച്ച നമ്പര്‍ മ്യൂസിയം പൊലീസിന് കൈമാറി. അന്വേഷണത്തില്‍ ഭീഷണിക്ക് പിന്നില്‍ എറണാകുളം സ്വദേശിയായ ഏഴാംക്ലാസുകാരനെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരാഴ്ചയ്ക്കിടെ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ രണ്ടാമത്തെ വധഭീഷണിയാണിത്.