കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് രണ്ടു പേർ കസ്റ്റഡിയിൽ. കൃത്യവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ശ്രീകണ്ടേശ്വരത്തു നിന്നാണ് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കാർ വാഷിംഗ് സെൻ്റർ ജീവനക്കാരായ രണ്ടുപേരെയാണ് കസ്റ്റഡിയിൽ എടുത്തത്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ഇവരുടെ പങ്ക് സ്ഥിരീകരിച്ചിട്ടില്ല.ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേൽ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ ജോനാഥ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഒരു പേപ്പർ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവർ പറഞ്ഞതായി സഹോദരൻ പറയുന്നു. പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആൺകുട്ടി തടുക്കാൻ ശ്രമിച്ചപ്പോൾ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആൺകുട്ടി താഴെ വീഴുകയുമായിരുന്നു.പിന്നീട് കുട്ടിയുടെ അമ്മയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. 5 ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചത് ഒരു സ്ത്രീയും പുരുഷനും ആണെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച KL 01 3176 എന്ന വാഹനം കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്.
കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു. കൊല്ലം- തിരുവനന്തപുരം ജില്ലാ അതിർത്തി കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. അധികദൂരം കുട്ടിയുമായി പോകാൻ സാധ്യതയില്ലെന്നും ജില്ലയ്ക്കുള്ളിൽ വ്യാപക പരിശോധന നടത്തുകയാണെന്നും പൊലീസ് പറയുന്നു. എല്ലാ ജില്ലകളിലും പരിശോധന നടത്താനാണ് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദേശം. ഇതുപ്രകാരം 14 ജില്ലകളിലും അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കുക : 112 , 9946923282, 9495578999