ലോകകപ്പ് ഫൈനലിൽ ടോസ് നിർണായകമല്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. പിച്ച് പരിശോധിച്ചപ്പോൽ അല്പം സ്ലോ ആണെന്ന് മനസിലായി. അത് പരിഗണിച്ച് മൂന്ന് സ്പിന്നർമാരെ കളിപ്പിക്കണോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും രോഹിത് ശർമ ഫൈനലിനു മുന്നോടി ആയുള്ള വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.ടോസ് നിർണായകമല്ല. പിച്ചിൽ ചെറിയ രീതിയിൽ പുല്ലുണ്ട്. സ്ലോ പിച്ചാണ്. മൂന്ന് സ്പിന്നർമാരെ കളിപ്പിക്കണോ എന്ന് പിന്നീട് തീരുമാനിക്കും. ഓസ്ട്രേലിയക്ക് ലോകകപ്പ് ഫൈനലിലുള്ള പരിചയം കാര്യമാക്കുന്നില്ല. ഏത് സാഹചര്യത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമം. തുടക്കത്തിൽ കളിക്കാൻ കഴിയാതിരുന്നത് ഷമിക്ക് ബുദ്ധിമുട്ടായിരുന്നു. അവസരം ലഭിച്ചപ്പോൾ അദ്ദേഹം നല്ല പ്രകടനം നടത്തുന്നു. എന്നെ സംബന്ധിച്ച് 50 ഓവർ ലോകകപ്പ് വിജയിക്കുക വലിയ കാര്യമാണ്. ഓസ്ട്രേലിയ ശക്തരാണ്. ബാറ്റർമാരും ബൗളർമാരും നല്ല പ്രകടനം നടത്തുന്നു. ബാലൻസ്ഡ് ആയ ടീമാണ് ഓസ്ട്രേലിയ. ഇന്ത്യൻ ടീം മികച്ച ആത്മവിശ്വാസത്തിലാണ്. താരങ്ങൾ ആവേശത്തിലാണ് എന്നും രോഹിത് പ്രതികരിച്ചു.നാളെയാണ് ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ. ടൂർണമെൻ്റിൽ 10 മത്സരങ്ങൾ തുടരെ വിജയിച്ച് ആധികാരികമായി കലാശപ്പോരിലെത്തിയ ഇന്ത്യയും ആദ്യ രണ്ട് കളി പരാജയപ്പെട്ടപ്പോഴുണ്ടായ പരിഹാസങ്ങളെ കാറ്റിൽ പറത്തി 8 തുടർ ജയങ്ങളുമായി ഫൈനൽ പ്രവേശനം നേടിയ ഓസ്ട്രേലിയയും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാളെ ഉച്ചകഴിഞ്ഞ് 2 മണി മുതൽ പരസ്പരം കൊമ്പുകോർക്കും.
സ്പിന്നർമാർക്കാണ് കൂടുതൽ പിന്തുണയെങ്കിലും രണ്ടാം ഇന്നിംഗ്സിൽ പേസർമാർക്കും പിച്ചിൽ നിന്ന് ആനുകൂല്യം ലഭിക്കും. അതിനർത്ഥം ബാറ്റിംഗ് വളരെ ദുഷ്കരമാവുമെന്നല്ല. ലോകകപ്പിൽ ഇതുവരെ ഇവിടെ നടന്ന നാല് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീം 300നു മുകളിൽ സ്കോർ നേടിയിട്ടില്ല. ഉയർന്ന സ്കോർ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ നേടിയ 286 റൺസാണ്. നാലിൽ മൂന്ന് കളിയിലും ആദ്യം ബാറ്റ് ചെയ്ത ടീം വിജയിച്ചപ്പോൾ ചേസ് ചെയ്ത് ജയിച്ചതും ഓസ്ട്രേലിയ തന്നെ. അഫ്ഗാനിസ്താനെതിരെ ഗ്ലെൻ മാക്സ്‌വലിൻ്റെ ഒറ്റയാൾ പോരാട്ടമായിരുന്നു അത്. ലോകകപ്പിൽ ഈ പിച്ചിലെ ശരാശരി സ്കോർ 251 ആണ്. ആകെ നാല് മത്സരങ്ങളിലായി ആകെ 58 വിക്കറ്റുകൾ വീണപ്പോൾ പേസർമാർ നേടിയത് 35 വിക്കറ്റും സ്പിന്നർമാർ നേടിയത് 22 വിക്കറ്റും. സ്പിന്നർമാർ നേടിയ വിക്കറ്റുകളിൽ 14ഉം ആദ്യ ഇന്നിംഗ്സിലാണ്.