സെക്രട്ടറിയേറ്റിന് ബോംബ് ഭീഷണി; പൊലീസ് ആസ്ഥാനത്തേക്ക് ഭീഷണി സന്ദേശം കര്‍ശന സുരക്ഷ, പരിശോധന

തിരുവനന്തപുരം:സെക്രട്ടറിയേറ്റിന് ബോംബ് ഭീഷണിയുമായി പൊലീസ് ആസ്ഥാനത്തേക്ക് ഭീഷണി സന്ദേശം. കന്റോണ്‍മെന്റ് പൊലീസ് ഉള്‍പ്പെടെ സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തുകയാണ്. 112 എന്ന നമ്പറിലേക്കാണ് സന്ദേശമെത്തിയത്.

ഇന്ന് രാവിലെയാണ് പൊലീസ് ആസ്ഥാനത്തേക്ക് 112 എന്ന നമ്പറിലേക്ക് സന്ദേശമെത്തിയത്. ബോംബ് ഭീഷണി സന്ദേശമെത്തിയതോടെ പൊലീസ് ആസ്ഥാനത്ത് നിന്ന് കന്റോണ്‍മെന്റ് പൊലീസിന് സന്ദേശം കൊടുത്തു.സെക്രട്ടറിയേറ്റിലും പരിസരത്തും കന്റോണ്‍മെന്റ് പൊലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. പരിശോധനയും ശക്തമാക്കി. ബോംബ്, ഡോഗ് സ്‌ക്വാഡുകളും പരിശോധന നടത്തുകയാണ്.


മുഖ്യമന്ത്രിക്ക് നേരെയുള്ള വധഭീഷണിയും കളമശേരി സംഭവവും അടക്കമുള്ളവ കണക്കിലെടുത്ത് സെക്രട്ടേറിയറ്റിലേക്കുള്ള ഭീഷണി സന്ദേശത്തെ പൊലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. നിലവില്‍ ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് പൊലീസിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേരളത്തില്‍ നിന്ന് തന്നെയുള്ള നമ്പറിലാണ് ഫോണ്‍ വന്നതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. സെക്രട്ടേറിയറ്റിന്റെ പരിസരം പൂര്‍ണമായും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.