കൈത്തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട ഹെലന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: മഴവെള്ളപ്പാച്ചിലില്‍ കാല്‍ വഴുതി വീണ് ഒലിച്ചുപോയ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍ ഏറ്റുമാനൂര്‍ പേരൂര്‍ പായിക്കാട് വേണ്ടാട്ടുമാലി കടവില്‍നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ചിറ്റാനപ്പാറ അലക്‌സിന്റെ മകള്‍ ഹെലനാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകും വഴി ശക്തമായ മഴയില്‍ ഹെലനും മറ്റൊരു പെണ്‍കുട്ടിയും കുന്നനാംകുഴി കൊത്തോട്ടിലേക്ക് വീഴുകയായിരുന്നു. ശക്തമായ മഴയില്‍ തോട്ടിലെ വെള്ളം റോഡില്‍ കയറി ഒഴുകുകയായിരുന്നു. അതുവഴി കടന്നുപോയ സ്‌കൂള്‍ ബസിലെ ഡ്രൈവറാണ് അപകടത്തില്‍പ്പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തിയത്.പാലായില്‍ നിന്ന് ഫയര്‍ഫോഴ്‌സ് ഉള്‍പ്പടെയുള്ളവര്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒലിച്ചുപോയ സ്ഥലത്തുനിന്ന് 25 കിലോമീറ്റര്‍ അകലെ വച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഭരണങ്ങാനം എസ്എച്ച് ഗേള്‍സ് ഹൈസ്‌കൂളിലെ 8-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹെലന്‍.