കുന്നത്തൂർ കാരൂർക്കടവ് പാലത്തിന് സമീപമുള്ള പുഞ്ചയിൽ മീൻ പിടിക്കാൻ പോയ ഫൈബർ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. വടക്കൻ മൈനാഗപ്പള്ളി തെക്ക് മുടിയിൽ തെക്കതിൽ പരേതരായ മോഹനൻ പിള്ളയുടെയും മണിയമ്മയുടെയും മകൻ വിഷ്ണുവാണ് (34) മരിച്ചത്. അവിവാഹിതനാണ്.ഞായറാഴ്ച വൈകിട്ട് 6 ഓടെയായിരുന്നു സംഭവം. വിഷ്ണു ഉൾപ്പെടെ നാലുപേരാണ് ഫൈബർ വള്ളത്തിൽ പുഞ്ചയിലേക്ക് പോയത്. വള്ളം മറിഞ്ഞപ്പോൾ ബാക്കി മൂന്നുപേരും നീന്തി രക്ഷപ്പെട്ടു. എന്നാൽ നീന്തൽ അറിയാത്ത വിഷ്ണു മുങ്ങിത്താഴുകയായിരുന്നു.സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്നലെ രാവിലെ ശാസ്താംകോട്ട ഫയർഫോഴ്സും കൊല്ലത്ത് നിന്നെത്തിയ സ്കൂബാ ടീമും ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വൈകിട്ട് 6ന് വീട്ടുവളപ്പിൽ സംസ്കരിച്ചു.