2023ലെ വിശ്വസുന്ദരി കിരീടം ചൂടി നിക്കാരഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസ്. എൽ സാൽവാദോറിലാണ് വിശ്വസുന്ദരി മത്സരം നടന്നത്. ആദ്യ റണ്ണർ അപ്പ് തായ്‌ലൻഡിൽ നിന്നുള്ള ആന്റോണിയ പോർസിലിദാണ്. രണ്ടാം റണ്ണറപ്പായി ഓസ്‌ട്രേലിയയിൽ നിന്നുള്ള മൊറായ വിൽസണും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷത്തെ വിശ്വസുന്ദരി ബോണി ഗബ്രിയേലാണ് ഷീനിസിനെ വിജയ കിരീടമണിയിച്ചത്. ( Miss Universe 2023 winner is Nicaragua Sheynnis Palacios ).23 കാരിയായ ഷീനിസ് പലാസിയോസ് ടിവി അവതാരകയും മോഡലുമാണ്. ആഗോള മത്സരത്തിൽ പങ്കെടുക്കുകയെന്ന ബാല്യകാല സ്വപ്‌നമാണ് പൂവണിഞ്ഞിരിക്കുന്നതെന്ന വാചകത്തോടെ ഷീനിസ് പലാസിയോസ് ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പിട്ടിരുന്നു. ഫൈനലിന് മണിക്കൂറുകൾ മുൻപായിരുന്നു പോസ്റ്റ്. ‘ഈ സന്ദർഭം ഞാനെന്റെയുള്ളിലെ കുട്ടിക്ക് സമർപ്പിക്കുന്നു. അസാധ്യമെന്ന് മറ്റുള്ളവർ പറയുന്നത്ര ഉയരത്തിൽ സ്വപ്‌നം കാണൂ’- ഷീനിസ് കുറിച്ചു.
2016 മുതൽ വിവിധ മത്സരങ്ങളിൽ വിജയിയായിട്ടുള്ള വ്യക്തിയാണ് ഷീനിസ്. 2016 നിക്കാരഗ്വ മിസ് ടീൻ, മിസ് വേൾഡ് നിക്കാരഗ്വ 2020 എന്നീ പട്ടങ്ങൾ സ്വന്തമാക്കിയ ഷീനിസ് മിസ് വേൾഡ് 2021 ലെ ആദ്യ നാൽപ്പതിലും ഇടംനേടിയിരുന്നു.