ദില്ലി: ശബരിമല ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ അനുമതി നൽകി സുപ്രീംകോടതി. ഏലക്കയിൽ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് പറഞ്ഞ് ജനുവരിയിൽ കേരളാ ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണ നശിപ്പിക്കാനാണ് കോടതി അനുമതി നൽകിയത്. തിരുവിതാകൂർ ദേവസ്വം ബോർഡ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി തീരുമാനം. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സഹകരിച്ച് അരവണ നശിപ്പിക്കാനാണ് കോടതി നിർദ്ദേശം.അതെസമയം അരവണയുടെ വില്‍പ്പന തടഞ്ഞ കേരള ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമർശിച്ചു. വാണിജ്യ താത്പര്യമുള്ള വിഷയങ്ങളില്‍ ഹൈക്കോടതി ഇടപെടൽ ശരിയായില്ലെന്ന് കോടതി വ്യക്തമാക്കി.ഏലയ്ക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് കേരള ഹൈക്കോടതി വില്‍പ്പന തടഞ്ഞ 6.65 ലക്ഷം ടിന്‍ അരവണയാണ് നിലവിൽ കെട്ടിക്കിടക്കുന്നത്. സുപ്രീംകോടതി നിർദേശാനുസരണം ഭക്ഷ്യസുരക്ഷാ അതോറിറ്റി നടത്തിയ പരിശോധനയിൽ അരവണ ഭക്ഷ്യയോഗ്യമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. എന്നാൽ മാസങ്ങളായി ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന അരവണ ഇനി ഭക്തർക്ക് വിതരണം ചെയ്യേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു.