ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താനെതിരെ ഇംഗ്ലണ്ടിനു മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 337 റൺസ് നേടി. 84 റൺസ് നേടിയ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ജോ റൂട്ടും (60) ഫിഫ്റ്റിയടിച്ചു. പാകിസ്താനു വേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഡേവിഡ് മലാനും ജോണി ബെയർസ്റ്റോയും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് 82 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. മലാനെ (31) പുറത്താക്കിയ ഇഫ്തിക്കാർ അഹ്മദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഏറെ വൈകാതെ ഹാരിസ് റൗഫ് ജോണി ബെയർസ്റ്റോയെയും (59) മടക്കി അയച്ചു.മൂന്നാം വിക്കറ്റിൽ ജോ റൂട്ടും ബെൻ സ്റ്റോക്സും ചേർന്ന് ഇംഗ്ലണ്ടിനു വീണ്ടും മേൽക്കൈ നൽകി. റൂട്ട് സാവധാനം ഇന്നിംഗ്സ് കെട്ടിപ്പടുത്തപ്പോൾ കരുതലോടെ തുടങ്ങിയ സ്റ്റോക്സ് പിന്നീട് ആക്രമണ മൂഡിലേക്ക് മാറി. 132 റൺസിൻ്റെ മികച്ച കൂട്ടുകെട്ടിനൊടുവിൽ സ്റ്റോക്സ് പവലിയനിലേക്ക് മടങ്ങി. 76 പന്തിൽ 84 റൺസ് നേടിയ സ്റ്റോക്സിനെ ഷഹീൻ അഫ്രീദിയാണ് പുറത്താക്കിയത്. പിന്നാലെ ജോ റൂട്ടിനെയും (60) ഷഹീൻ തന്നെ മടക്കി അയച്ചു.
അഞ്ചാം വിക്കറ്റിൽ ജോസ് ബട്ലറും ഹാരി ബ്രൂക്കും ചേർന്ന് ആക്രമണോത്സുക ബാറ്റിംഗിലൂടെ പാകിസ്താനെ സമ്മർദ്ദത്തിലാക്കി. ഹാരിസ് റൗഫാണ് ഇവിടെ പാകിസ്താൻ്റെ രക്ഷക്കെത്തിയത്. ടി-20 ശൈലിയിൽ ആക്രമിച്ചുകളിച്ച ഹാരി ബ്രൂക്കിനെയും (17 പന്തിൽ 30) ശേഷം മൊയീൻ അലിയെയും (8) പുറത്താക്കിയ ഹാരിസ് റൗഫ് ജോസ് ബട്ലറെ (18 പന്തിൽ 27) നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാക്കി. അവസാന ഓവറുകളിൽ ഡേവിഡ് വില്ലി നടത്തിയ കൂറ്റനടികൾ ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. 5 പന്തിൽ 15 റൺസ് നേടിയ വില്ലിയെ അവസാന ഓവറിൽ മുഹമ്മദ് വസീം ജൂനിയർ പുറത്താക്കി.