പതിവ് തുടക്കം പിന്നെ വെടിക്കെട്ട്
പതിവുപോലെ ക്യാപ്റ്റന്‍ ടെംബാ ബാവുമയെ(24) തുടക്കത്തിലെ നഷ്ടമായ ദക്ഷിണാഫ്രിക്ക പതുക്കെയാണ് തുടങ്ങിയത്. തുടക്കത്തില്‍ താളം കണ്ടെത്താന്‍ പാടുപെട്ട ഡി കോക്കും വാന്‍ഡര്‍ ദസ്സനും നല്‍കിയ അവസരങ്ങള്‍ ന്യൂസിലന്‍ഡ് ഫീല്‍ഡര്‍മാര്‍ കൈവിട്ടതോടെ ദക്ഷിണാഫ്രിക്കക്ക് കാര്യങ്ങള്‍ എളുപ്പമായി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 200 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. 38 റണ്‍സില്‍ ഒത്തുചേര്‍ന്ന ഇരുവരും 238 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. 103 പന്തില്‍ സെഞ്ചുറി തികച്ച ഡി കോക്ക് 116 റണ്‍സെടുത്ത് പുറത്തായി.40-ാം ഓവറില്‍ ഡി കോക്ക് പുറത്താവുമ്പോള്‍ 238 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയുടെ സ്കോര്‍. 100 പന്തില്‍ സെഞ്ചുറിയിലെത്തിയ വാന്‍ഡര്‍ ദസ്സന്‍ അവസാന പത്തോവറില്‍ തകര്‍ത്തടിച്ചതോടെ ദക്ഷിണാഫ്രിക്ക 300 കടന്ന് കുതിച്ചു. 40 ഓവറില്‍ 238 റണ്‍സടിച്ച ദക്ഷിണാഫ്രിക്ക അവസാന പത്തോവറില്‍ 119 റണ്‍സടിച്ചാണ് കൂറ്റന്‍ സ്കോറിലെത്തിയത്. 29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച മില്ലര്‍ അവസാന ഓവറില്‍ പുറത്തായി. അവസാന പന്ത് നേരിടാനെത്തിയ ഏയ്ഡന്‍ മാര്‍ക്രം സിക്സോടെ ഇന്നിംഗ്സ് പൂര്‍ത്തിയാക്കി. പരിക്കിന്‍റെ ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തിയ ടിം സൗത്തി 10 ഓവറില്‍ 77 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ബോള്‍ട്ട് ഒരു വിക്കറ്റെടുത്തു. ജിമ്മി നീഷാം 5.3 ഓവറില്‍ 69 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.