ജടായു ടൂറിസത്തിലെ ശമ്പളപരിഷ്കരണം- സംയുക്ത തൊഴിലാളി യൂണിയൻ സമരത്തിലേക്ക്….

ജടായു ടൂറിസത്തിൽ ജീവനക്കാരുടെ ഓണം ബോണസും, ശമ്പള വർദ്ധനവും, മറ്റാനുകൂല്യങ്ങളും നിഷേധിക്കുന്നതിനെതിരെ
തൊഴിലാളി സംഘടനകളായ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി യൂണിയനുകൾ ഓണത്തിന് മുന്നേ സമരം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ജില്ലാ ലേബർ ഓഫീസർ യൂണിയൻ പ്രതിനിധികളെയും മാനേജ്മെന്റ് പ്രതിനിധികളെയും ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഈ ചർച്ചയുടെ ആദ്യഘട്ടത്തിൽ മാനേജ്മെന്റ് തൊഴിലാളി വിരുദ്ധമായ നിലപാട് എടുത്തെങ്കിലും യൂണിയനുകൾ അംഗീകരിച്ചില്ല. ജില്ലാ ലേബറുടെ ചേംബറിൽ നടന്ന മാരത്തൺ ചർച്ചയിലാണ് കരാർ തൊഴിലാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് ബോണസ് നൽകാൻ തീരുമാനമായത്. 

2018-ൽ ടൂറിസം ആരംഭിച്ചതിനുശേഷം ആദ്യമായാണ് തൊഴിലാളികൾക്ക് ബോണസ് അനുവദിച്ചത് എന്നതും എടുത്തുപറയേണ്ട ഒന്നാണ്. അതുകൂടാതെ യൂണിയനുകൾ ഉന്നയിച്ച ശമ്പള വർദ്ധനവ് അടക്കമുള്ള കാര്യങ്ങൾ ഓണത്തിന് ശേഷം തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്തു തിരുമാനിക്കാം എന്ന് മാനേജ്മെന്റ് പ്രതിനിധികൾ ലേബറുടെ സാന്നിധ്യത്തിൽ ഉറപ്പുനൽകുകയും ചെയ്തിരുന്നു. 

ടൂറിസത്തിൽ അഞ്ചും ആറും വർഷമായി ജോലി ചെയ്യുന്ന ടെക്നികൽ തൊഴിലാളികൾ ഉൾപ്പെടെ ഉള്ളവർക്ക് തുച്ഛമായ ശമ്പളമാണ് നിലവിലുള്ളത്. ടൂറിസത്തിലെ സാധാരണ ജീവനക്കാർക്കും കരാർ കമ്പനികളിലും ആറുവർഷമായി ശമ്പള വർദ്ദനവ് നടപ്പിലാക്കിയിട്ടില്ല. 60% ശമ്പള വർദ്ധനവാണ് തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഈ വിഷയത്തിൽ മാനേജ്മെന്റ് ചർച്ചയ്ക്ക് തയ്യാറായിട്ടില്ല എന്ന് യൂണിയനുകൾ ആരോപിക്കുന്നു. 

ശമ്പള വർദ്ധനവ് ചർച്ചകൾ നീണ്ടതോടെ വിവിധ ട്രേഡ് യൂണിയൻ അംഗങ്ങളായ ഒൻപതോളം തൊഴിലാളികൾ ഈ വിഷയത്തിൽ അനുകൂല തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ടു മാനേജ്മെന്റിനും കോടതി നിയോഗിച്ച ചാർട്ടേർഡ് അക്കൗണ്ടന്റിനും നിവേദനം നൽകിയിരുന്നു. ഈ ജീവനക്കാരെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ഭിന്നിപ്പിച്ചു ആവശ്യത്തിൽ നിന്നും പിന്തിരിപ്പിക്കാൻ മാനേജ്മെന്റ് വെവ്വേറെയും കൂട്ടായും ഇവരെ ചർച്ചയ്ക്കു വിളിച്ചെങ്കിലും അവർ ശമ്പളവർദ്ധനവ് എന്ന ആവശ്യത്തിൽ ഉറച്ചു നിന്നു. ശമ്പള വർദ്ധനവ് എത്ര എന്ന് മാനേജ്മെന്റ് രേഖാമൂലം തീരുമാനിച്ച് കത്ത് നൽകിയാൽ നടപ്പാക്കാം എന്ന് കോടതി 
നിയോഗിച്ച ചാർട്ടേർഡ് അക്കൗണ്ടന്റും നിലപാടെടുത്തതോടെ മറ്റു വഴികളില്ലാതെ തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു. 

പുതുക്കിയ ശമ്പളം അക്കൗണ്ടിൽ വന്നപ്പോഴാണ് തൊഴിലാളികളെ മാനേജ്മെന്റ് വഞ്ചിക്കുകയായിരുന്നു എന്ന് തൊഴിലാളികളും, യൂണിയനുകളും തിരിച്ചറിഞ്ഞത്. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് കത്ത് നൽകിയ വിവിധ യൂണിയനുകളിലെ ജീവനക്കാർക്ക് 1000-1500 രൂപ വർധിപ്പിച്ചപ്പോൾ, ഇവരുടെ ആവശ്യത്തിന്റെ മറവിൽ മാനേജ്മെന്റിന്റെ ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും 5000 മുതൽ 10000 രൂപ വരെയാണ് ശമ്പളം വർദ്ധിപ്പിച്ചത്.

ഇതോടെയാണ് സംയുക്ത തൊഴിലാളി യുണിയൻ ജടായു മാനേജ്മെന്റിനെതിരെ രംഗത്ത് വന്നത്. നാമമാത്രമായ ഈ വർദ്ധനവ് ഒരിക്കലും അംഗീകരിക്കില്ല എന്ന് യൂണിയനുകൾ വ്യക്തമാക്കുന്നു. വർദ്ധിപ്പിച്ച തുക സ്വീകരിക്കാതെ തിരികെ നൽകാനും ജീവനക്കാർക്ക് യൂണിയനുകൾ നിർദേശം നൽകിയിട്ടുണ്ട്. തൊഴിലിടങ്ങളിൽ ജീവനക്കാർക്ക് സംഘടന രൂപീകരിക്കുവാനും അതിൽ പ്രവർത്തിക്കുവാനും അവകാശമുണ്ടെന്ന് യൂണിയനുകൾ പറയുന്നു. യൂണിയനുകളിൽ അംഗമായതിന്റെ പേരിൽ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ചാൽ അത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നത് പോലാകുമെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു. 
ഈ വിഷയത്തിൽ മാനേജ്മെന്റ് യൂണിയനുകളുമായി ചർച്ചയ്ക്ക് തയ്യാറായി തിരുത്തൽ നടപടികൾ സ്വീകരിച്ചില്ല എങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി സംയുക്ത യൂണിയൻ നേതാക്കളായ ഡി.സന്തോഷ്, വി.ഒ സാജൻ, T.വിമൽകുമാർ തുടങ്ങിയവർ അറിയിച്ചു.