ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയത്തിന് വഴിമാറി;പാരീസിലെ കാത്തി തിരുവനതപുരത്തിന്റെ മരുമകളായി .

പ്രണയത്തിന് അതിരുകൾ ഇല്ല എന്നത് കാലം പണ്ടേ തെളിയിച്ചതാണ്. അതിന് മറ്റൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം നമ്മുടെ നാട്ടിൽ നടന്ന വിവാഹം . ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയത്തിന് വഴിമാറിയപ്പോൾ പാരീസിലെ 
യുവതിയെ തിരുവനതപുരം അണപ്പാട് സ്വദേശിയായ ജയിൽ വകുപ്പ് ജീവനക്കാരൻ താലികെട്ടി 
ജീവിതസഖിയാക്കി. ഗോവിന്ദമംഗലം മഹാവിഷ്ണുക്ഷേത്രത്തിൽവെച്ച് വെള്ളിയാഴ്ച 
രാവിലെ 8.30-നായിരുന്നു വിവാഹം. അണപ്പാട്നിളയിൽ ജയശങ്കറിന്റെയും മധുലതയുടെയും മകൻ കൃഷ്ണശങ്കറും, പാരീസ് സ്വദേശികളായ പോലീസുകാരായ ഡൊമനിക് ജോർഡിയർ, ക്രിസ്റ്റിൻ ജോർഡിയർ ദമ്പതികളുടെ
മകൾ കാത്തിയും തമ്മിലാണ് വിവാഹിതരായത്. കൃഷ്ണശങ്കറിന് വീട്ടിൽ 
വിവാഹാലോചനകൾ തുടങ്ങിയപ്പോൾ വിവരം കാത്തിയുമായി പങ്കുവെച്ചിരുന്നു. 
തുടർന്ന് ഇവർ തമ്മിൽ വിവാഹം കഴിക്കാൻ പരസ്പരം ആഗ്രഹം പ്രകടിപ്പിച്ചതോടെ 
വീട്ടുകാരെ അറിയിക്കുകയായിരുന്നു. ആഴ്ചകൾക്കുമുമ്പുതന്നെ കാത്തിയുടെ കുടുംബം വിവാഹത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇവരുടെ വിവാഹം കാണാനും പങ്കെടുക്കാനും നൂറുകണക്കിനു പേരാണ് 
ഗോവിന്ദമംഗലം മഹാവിഷ്ണുക്ഷേത്രത്തിൽ എത്തിയത്.