പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തികൊണ്ടുപോയി പിഡിപ്പിച്ച യുവാവ് അറസ്റ്റിൽ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കടത്തികൊണ്ടുപോയി ലൈംഗികമായി പിഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നഗരൂർ, കുന്നാട്ടുകോണം ചരുവിള പുത്തൻവീട്ടിൽ അച്ചു എന്ന് വിളിക്കുന്ന സുധി (23) യെ ആണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയം നോക്കി പ്രതി വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കടത്തികൊണ്ടുപോയി നഗരൂരിലുള്ള വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് കിളിമാനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനിടെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശില്പക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പ്രതിയുടെ വീട്ടിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്തതിൽ നിന്നും മുമ്പും പല ദിവസങ്ങളിൽ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി ജയൻ സബ് ഇൻസ്പെക്ടർമാരായ വിജിത്ത് കെ നായർ , രാജി കൃഷ്ണ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.