വിഴിഞ്ഞത്തേക്ക് നോക്കി കടലിൽ കപ്പലിന്റെ കാത്തിരിപ്പ്: തുറമുഖത്തേക്ക് അടുക്കാൻ അനുമതി വൈകുന്നു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പൽ ഷെൻ ഹുവ 29ന്റെ ബർത്തിങ് വൈകുന്നു. ഇമിഗ്രേഷൻ ക്ലിയറൻസ് നടപടികൾ പൂർത്തിയാകാത്തതാണ് കാരണം. നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കി കപ്പൽ ബർത്തിലേക്ക് എത്തിക്കുമെന്ന് വിഴിഞ്ഞം തുറമുഖ അധികൃതർ വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് കപ്പൽ വിഴിഞ്ഞം തീരത്ത് എത്തിയത്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ഒരു ഷിപ്പ് ടു ഷോർ ക്രെയിനും മുന്ദ്ര തുറമുഖത്തേക്കുള്ള ക്രെയ്നുകളുമാണ് കപ്പലിൽ ഉള്ളത്.

ഇന്നലെ തന്നെ കപ്പൽ ഇന്ത്യൻ തീരത്തേക്ക് എത്തിയിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമായത് യാത്രയെ ബാധിച്ചു. ഒക്ടോബർ 24നാണ് ഷാങ്ഹായ് തുറമുഖത്ത് നിന്നും ഷെൻ ഹുവ29 യാത്ര തിരിച്ചത്. മൂന്ന് ഷിപ്പ് ടു ഷോർ ക്രെയ്നും യാർഡ് ക്രെയ്നുകളുമാണ് കപ്പലിലുള്ളത്. ഇതിൽ ഒരു ഷിപ്പ് ടു ഷോർ ക്രെയ്നാണ് വിഴിഞ്ഞത്തേക്കുള്ളത്. ബാക്കി ക്രെയിനുകൾ മുന്ദ്ര തുറമുഖത്തേക്ക് കൊണ്ടുപോകും. വിഴിഞ്ഞത്ത് കൊണ്ടുവരുന്ന രണ്ടാമത്തെ കൂറ്റൻ ഷിപ്പ് ടു ഷോർ ക്രെയ്നാണ് ഇത്. കപ്പൽ എത്തുന്നത് കണക്കിലെടുത്ത് ബർത്തിൽ സ്ഥാപിച്ചിട്ടുള്ള ആദ്യ ഷിപ്പ് ടു ഷോർ ക്രെയ്നിന്റെ ബൂം ഉയർത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത് ഷിപ്പ് ടു ഷോർ ക്രെയിൻ ഇറക്കിയതിന് ശേഷം കപ്പൽ മുന്ദ്രയിലേക്ക് പോകും. എന്നാൽ ഇമിഗ്രേഷൻ നടപടികൾ വൈകുന്നത് തിരിച്ചടിയാകുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പൽ ഷെൻ ഹുവ 15 ഒക്ടോബർ 25 നാണ് ഇവിടെ നിന്ന് മടങ്ങിയത്. മൂന്ന് ക്രെയ്നുകളാണ് അന്ന് എത്തിച്ചത്. ആഗസ്റ്റ് 31 ന് ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് യാത്ര തിരിച്ച കപ്പൽ ഒക്ടോബർ 13നാണ് വിഴിഞ്ഞത്ത് എത്തിയത്. ഓദ്യോഗിക സ്വീകരണം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് കപ്പലിൽ നിന്ന് ക്രെയ്നുകൾ ഇറക്കാനായത്. കപ്പലിലെ ജീവനക്കാർക്ക് വിസ അനുവദിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയ്യാറാകാതിരുന്നതാണ് അന്ന് തിരിച്ചടിയായത്.