മാര്‍വലസ് മിലോസ്'; ഹൈദരാബാദിനെ കീഴ്‌പ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് ഒന്നാമത്

കൊച്ചി: ഹൈദരാബാദിനെയും കീഴ്‌പ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് മുന്നേറുന്നു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കൊമ്പന്മാരുടെ വിജയം. ആദ്യ പകുതിയിൽ സെന്റർ ബാക്ക് താരം മിലോസ് ഡ്രിൻസിച്ച് ആണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പാസിൽ നിന്നായിരുന്നു ഗോൾ പിറന്നത്. തുടർച്ചയായ മൂന്നാം മത്സരവും വിജയിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ലീ​ഗിൽ ഒന്നാമതെത്തി.മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യമാണ് കാണാൻ സാധിച്ചത്. പത്താം മിനിറ്റിൽ ഹൈദരാബാദിന്റെ ഫോർവേഡ് താരം ജോനാഥൻ മോയ ​ഗോളിന് തൊട്ടരികിലെത്തി. മുഹമ്മദ് യാസിർ എടുത്ത ഫ്രീകിക്കിൽ നിന്നുമുള്ള താരത്തിന്റെ ഹെഡ്ഡർ പുറത്തേക്ക് പോയി. 18-ാം മിനിറ്റിൽ കോർണറിൽ നിന്നുമുള്ള ജോ നോൾസിന്റെ ശക്തമായ ഹെഡ്ഡർ ബ്ലാസ്റ്റേഴ്‌സ് കീപ്പർ സച്ചിൻ സുരേഷ് ഗംഭീരമായി സേവ് ചെയ്തു. 20-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയും ഡെയ്‌സുകെ സകായിയും ചേർന്ന് മികച്ച മുന്നേറ്റങ്ങൾ നടത്തി. ലൂണ ഒരു മികച്ച ക്രോസ് കൊടുത്തെങ്കിലും ക്വാമെ പെപ്രക്ക് ഗോളാക്കിമാറ്റാൻ സാധിച്ചില്ല.33-ാം മിനിറ്റിൽ ഡെയ്‌സുകെയുടെ ക്രോസ് ലക്ഷ്യത്തിലെത്തിക്കുന്നതിൽ മിലോസ് ഡ്രിൻസിച് പരാജയപ്പെട്ടു. 36-ാം മിനിറ്റിൽ ഹൈദരാബാദും ഒരു വലിയ അവസരം നഷ്ടപ്പെടുത്തി. ഇടത് വശത്ത് നിന്ന് ഒരു ഫ്രീ കിക്കിലൂടെ യാസിർ കൊടുത്ത ക്രോസ് ലക്ഷ്യത്തിലെത്തിക്കുന്നതിൽ മോയ പരാജയപ്പെട്ടു. 41-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടി. വലതുവശത്ത് നിന്നും ലൂണ കൊടുത്ത മികച്ചൊരു പാസ് വലയിലാക്കി മിലോസ് ഡ്രിൻസിച്ച് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. 51-ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് സെന്റർ ബാക്ക് മിലോസ് ഡ്രിൻസിചിന്റെ ഹെഡ്ഡർ പോസ്റ്റിൽ തട്ടി മടങ്ങി. 64-ാം മിനിറ്റിൽ ഹൈദരാബാദ് താരം ജോ നോൾസിന്റെ ലോങ്ങ് റേഞ്ച് ഷോട്ട് പുറത്തേക്ക് പോയി. 68-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് ഉയർത്തിയെന്ന് തോന്നിച്ചെങ്കിലും പെപ്രയുടെ ക്രോസ് കൊടുക്കാനുള്ള ശ്രമം ഗോൾ കീപ്പർ തടുത്തു. ഏഴ് മത്സരങ്ങളിൽ നിന്നും 16 പോയിന്റുകളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഒന്നാമതെത്തിയത്. അതേസമയം സീസണില്‍ ഒരു മത്സരം പോലും വിജയിക്കാനാവാതെ പതിനൊന്നാം സ്ഥാനാത്താണ് മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്‌സി.