കോട്ടയം: കെഎസ്ആർടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ച് തകർത്ത സംഭവത്തിൽ യുവതി പൊലീസ് കസ്റ്റഡിയിൽ. പൊൻകുന്നം സ്വദേശി സുലുവിനെയാണ് ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊതുമുതൽ നശിപ്പിച്ചതിനടക്കം ജാമ്യമില്ലാ വകുപ്പുകൾ ഇവർക്ക് എതിരെ ചുമത്തി .
ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സുലുവും ബന്ധുവായ സ്ത്രീയും സഞ്ചരിച്ചിരുന്ന കാറിൽ കെഎസ്ആർടിസി ബസ് തട്ടിയത്. തുടർന്ന് ബസ് ജീവനക്കാരോട് തട്ടിക്കയറിയ സുലു കാറിലെ ജാക്കിലിവർ ഉപയോഗിച്ച് ബസിന്റെ ഹെഡ്ലൈറ്റുകൾ അടിച്ചുതകർക്കുകയായിരുന്നു. ബസ് കാറിൽ തട്ടിയപ്പോൾ ഉണ്ടായ ദേഷ്യത്തിൽ സംഭവിച്ചു പോയ അബദ്ധമാണ് അക്രമമെന്ന് സുലു പൊലീസിന് മൊഴി നൽകി. ബസ്സിന് ഉണ്ടായ നഷ്ടപരിഹാരം നൽകി പ്രശ്നപരിഹാരത്തിന് തയ്യാറാണെന്ന് സുലുവും കുടുംബവും അറിയിച്ചെങ്കിലും ഒത്തുതീർപ്പിന് കെഎസ്ആർടിസി തയ്യാറായില്ല. ഇതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സുലുവിനെ കസ്റ്റഡിയിലെടുത്തത്.