നാളെ രാവിലെ അതിതീവ്ര ന്യൂനർദ്ദം രൂപപ്പെടാനിരിക്കെ പുതിയ ചക്രവാതചുഴി; കേരളത്തിലെ കാലാവസ്ഥ പ്രവചനം അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. ബംഗാൾ ഉൾക്കടലിൽ അതി തീവ്രന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നതിനിടെ പുതിയൊരു ചക്രവാതചുഴിയും രൂപപ്പെട്ടതോടെ മഴ സാധ്യത തുടരുമെന്നാണ് വ്യക്തമാകുന്നത്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാകും കൂടുതൽ മഴക്ക് സാധ്യത. വടക്കൻ കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യതയില്ലെന്നാണ് സൂചന. എന്നാൽ അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഒരു ജില്ലയിലും യെല്ലോ അലർട്ട് പോലും പ്രഖ്യാപിച്ചിട്ടില്ല.

അതിതീവ്ര ന്യൂനർദ്ദം

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം (Depression) രൂപപ്പെട്ടു. തുടക്കത്തിൽ വടക്ക് പടിഞ്ഞാറു ദിശയിലും തുടർന്ന് വടക്ക്, വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിച്ച്‌ നാളെ രാവിലെയോടെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം അതി തീവ്ര ന്യൂനമർദ്ദമായി (Deep Depression) ശക്തി പ്രാപിക്കും. തുടർന്ന് വടക്ക്, വടക്ക് കിഴക്ക് ദിശ മാറി നവംബർ 17 ഓടെ ഒഡിഷ തീരത്തിനു സമീപവും, നവംബർ 18 ഓടെ വടക്കൻ ഒഡിഷ - പശ്ചിമ ബംഗാൾ സമീപത്തു കൂടിയും സഞ്ചരിക്കാൻ സാധ്യത. വടക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.