ബംഗളൂരു: പാകിസ്ഥാന്റേയും അഫ്ഗാനിസ്ഥാന്റേയും ഏകദിന ലോകകപ്പ് സെമി ഫൈനല്‍ പ്രതീക്ഷകള്‍ തകര്‍ത്ത് ന്യൂസിലന്‍ഡ്. ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്തോടെ കിവീസ് ആദ്യ നാലിലെ അവസാനക്കാരാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 46.4 ഓവറില്‍ 171ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ടാണ് ലങ്കയെത തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 23.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡെവോണ്‍ കോണ്‍വെ (45), രചിന്‍ രവീന്ദ്ര (42) എന്നിവര്‍ നല്‍കിയ തുടക്കം ന്യൂസിലന്‍ഡിന് ഗുണം ചെയ്തു. പിന്നീട് ഡാരില്‍ മിച്ചലിന്റെ (43) ഇന്നിംഗ്‌സ് വിജയത്തില്‍ നിര്‍ണായകമായി. ജയത്തോടെ ന്യൂസിലന്‍ഡ് നാലാം സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു. ഇന്ത്യ - കിവീസ് സെമി ഫൈനിലാണ് സാധ്യത. പാകിസ്ഥാനും അഫ്ഗാനും അവരുടെ അവസാന മത്സരത്തില്‍ അവിശ്വസനീയമായ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമെ കിവീസിനെ മറികടക്കാനാവൂ.വലിയ റണ്‍റേറ്റിലുള്ള വിജയം സ്വപ്‌നം കണ്ടാണ് കിവീസ് സ്‌കോര്‍ പിന്തുടരാനെത്തിയത്. ഒന്നാം വിക്കറ്റില്‍ കോണ്‍വെ - രവീന്ദ്ര സഖ്യം 86 റണ്‍സ് ചേര്‍ത്തു. 42 പന്തില്‍ 45 റണ്‍സെടുത്ത കോണ്‍വെയാണ് ആദ്യം മടങ്ങുന്നത്. ഒമ്പത് ബൗണ്ടറികള്‍ നേടിയ താരത്തെ ദുഷ്മന്ത ചമീര 13-ാം ഓവറില്‍ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ രവീന്ദ്രയും മടങ്ങി. 34 പന്തുകള്‍ നേരിട്ട താരം മൂന്ന് വീതം സിക്‌സും ഫോറും നേടി. മഹീഷ് തീക്ഷണയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ കെയ്ന്‍ വില്യംസണ്‍ (14) - ഡാരില്‍ മിച്ചല്‍ സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. വില്യംസണെ എയ്ഞ്ചലോ മാത്യൂസ് ബൗള്‍ഡാക്കി. പിന്നീടെത്തിയ മാര്‍ക് ചാപ്മാന്‍ (7) റണ്ണൗട്ടായി. ഇതിനിടെ മിച്ചലിനെ മാത്യൂസ് മടക്കി. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മിച്ചലിന്റെ ഇന്നിംഗ്‌സ്. താരം മടങ്ങുമ്പോള്‍ കിവീസ് വിജയത്തിനടുത്തെത്തിയിരുന്നു. വൈകാതെ ഗ്ലെന്‍ ഫിലിപ്‌സ് (17) - ടോം ലാഥം (2) സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ, 28 പന്തില്‍ 51 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങിയത്. വാലറ്റത്ത് മഹീഷ് തീക്ഷണയുടെ (91 പന്തില്‍ പുറത്താവാതെ 39) ഇന്നിംഗ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ ലങ്കയുടെ അവസ്ഥ ഇതിലും പരിതാപകരമായേനെ. ദില്‍ഷന്‍ മധുഷങ്ക (19) എയ്ഞ്ചലോ മാത്യൂസ് (16), ധനഞ്ജയ ഡി സില്‍വ (19) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഓപ്പണര്‍ പതും നിസ്സങ്ക (2), കുശാല്‍ മെന്‍ഡിസ് (6), സദീര സമരവിക്രമ (1), ചരിത് അസലങ്ക (8), ചാമിക കരുണാരത്‌നെ (6), ദുഷ്മന്ത (1) എന്നിവര്‍ നിരാശപ്പെടുത്തി. അവസാന വിക്കറ്റില്‍ തീക്ഷണ - മധുഷങ്ക സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു.
ലോക്കി ഫെര്‍ഗൂസണ്‍, മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ടിം സൗത്തി ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. ഇഷ് സോധിക്ക് പകരം ലോക്കി ഫെര്‍ഗൂസണ്‍ ടീമിലെത്തി. ശ്രീലങ്ക ഒരു മാറ്റമാണ് വരുത്തിയത്. കശുന്‍ രജിതയ്ക്ക് പകരം ചാമിക കരുണാര്തനെ ടീമില്‍ വന്നു.
ശ്രീലങ്ക: പതും നിസ്സങ്ക, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ, ചരിത് അസലങ്ക, എയ്ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, ചാമിക കരുണാരത്‌നെ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, ദില്‍ഷന്‍ മധുഷങ്ക.
ന്യൂസിലന്‍ഡ്: ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ടോം ലാഥം, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍, ട്രന്റ് ബോള്‍ട്ട്.