യുഎഇയിൽ ശക്തമായ മഴ; ​വിവിധയിടങ്ങളിൽ ​ഗതാ​ഗതം തടസപ്പെട്ടു

ദുബായ്: യുഎഇയിൽ ശക്തമായ മഴ. ഇന്ന് പുലർച്ചെ തുടങ്ങി മണിക്കൂറോളം നീണ്ട മഴയിൽ റോഡുകളും തെരുവുകളും വെള്ളത്തിൽ മുങ്ങി. പലയിടങ്ങളിലും ​ഗതാ​ഗതം തടസപ്പെട്ടു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്​ പുറ​പ്പെടേണ്ടതും വന്നിറങ്ങേണ്ടതുമായ 20ഓളം വിമാന സർവിസുകളെ പ്രതികൂല കാലാവസ്ഥ ബാധിച്ചതായി അധികൃതർ അറിയിച്ചു.വെളളിയാഴ്ച കിഴക്ക്, വടക്ക് തീരപ്രദേശങ്ങളില്‍ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകി. മഴ സാധ്യത കണക്കിലെടുത്ത്​ അജ്​മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിൽ വിദൂരപഠനത്തിന്​ അധികൃതർ നിർദേശം നൽകിയിരുന്നു. ജോലിയ്ക്ക് പോകുന്നവർക്കായി ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

ദുബായിലെ കറാമ, സിലിക്കൺ ഒയാസിസ്​, മുഹൈസിന, ഷാർജയിലെ അൽ നഹ്​ദ എന്നിവിടങ്ങളിലെല്ലാം റോഡുകളിൽ വെള്ളം നിറഞ്ഞിട്ടുണ്ട്​. ഗതാഗതം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. ചില മേഖലകളില്‍ പൊടിക്കാറ്റ് വീശിയടിക്കാനും പുലര്‍ച്ചെയും രാവിലെയും മൂടല്‍ മഞ്ഞ് ശക്തമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊതു ജനങ്ങള്‍ക്കായി വിവിധ എമിറേറ്റുകളിലെ പൊലീസ് സേന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും വെളളക്കെട്ടുളള പ്രദേശങ്ങളിലൂടെയുളള യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.