നവകേരളാ സദസിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയിൽ

നവകേരളാ സദസിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡി.ഡി.ഇ ഇറക്കിയ ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയിൽ. കോടതി ഇക്കാര്യം രേഖപ്പെടുത്തി. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.ഇത്തരം ഉത്തരവുകൾ ഇറക്കിക്കൊണ്ട് ഉദ്യോഗസ്ഥർ ആരെയാണ് സന്തോഷിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. മലപ്പുറം ഡി.ഡി.ഇ യുടെ ഉത്തരവ് ആശ്ചര്യകരമാണ് എന്നും കോടതി പറഞ്ഞു. ഉദ്യോഗസ്ഥൻ ഇത്തരമൊരു ഉത്തരവിറക്കിയതിന്റെ സാഹചര്യം പരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്ന് ഉത്തരവിനെതിരായ ഹർജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു.

അതേസമയം, നവ കേരള സദസിൽ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ പങ്കെടുത്തു. നവകേരള സദസിലെ ലീഗ് സാന്നിധ്യം ചർച്ചയാകുന്നതിനിടെ, പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങളാണ് തിരൂരിലെ നവകേരള സദസിൽ പങ്കെടുത്തു.തിരൂരിലെ പ്രഭാത യോഗത്തിലാണ് ഹസീബ് സഖാഫ് തങ്ങൾ പങ്കെടുത്തത്. കക്ഷി രാഷ്ട്രീയം യോഗത്തിൽ പ്രസക്തമല്ല. വികസനമാണ് പ്രധാനമെന്ന് ഹസീബ് സഖാഫ് തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ അതിവേഗ പാത യാഥാർഥ്യമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം ലീഗ് നേതാവ് പി പി ഇബ്രാഹിമും യോഗത്തിൽ പങ്കെടുത്തു.

കോൺഗ്രസ്‌ നേതാവ് സി മൊയ്തീനും നവകേരള സദസിനെത്തി. തിരുന്നാവായ മുൻ ബ്ലോക്ക്‌ പ്രസിഡന്റായ സി മൊയ്തീൻ പ്രഭാത യോഗത്തിനാണ് പങ്കെടുത്തത്. നവ കേരള സദസ് ഇന്ന് മുതൽ മലപ്പുറത്താണ് പര്യടനം. തിരൂരിലാണ് പ്രഭാത യോഗത്തിന് ശേഷം രാവിലെ 11ന് പൊന്നാനി മണ്ഡലത്തിലാണ് ആദ്യ പരിപാടി.

വൈകിട്ട് മൂന്ന് മണിക്ക് തവനൂരിലും നാലരക്ക് തിരൂർ മണ്ഡലത്തിലും നവ കേരള സദസ് നടക്കും. വൈകിട്ട് ആറ് മണിക്കാണ് താനൂർ മണ്ഡലത്തിലെ പരിപാടി. നവ കേരള സദസിനോട് അനുബന്ധിച്ച് മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

നവകേരള സദസ്സിൽ കേന്ദ്ര ധനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതത്തെക്കുറിച്ചുള്ള കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ വാദം വിചിത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുസാറ്റ് ദുരന്തത്തിന്റെ സാഹചര്യത്തിൽ ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് നവകേരള സദസ് പര്യടനം തുടരുന്നത്. കൊടുവള്ളിയിലെ നവകരള സദസിൽ പങ്കെടുത്തതിന് പ്രാദേശിക നേതാക്കളെ കോൺഗ്രസും മുസ്ലിം ലീഗും സസ്പെൻഡ് ചെയ്തു.