ഇരു ചക്രവാഹനം കാറിൽ ഇടിച്ചപ്പോൾ റോഡിൽ മദ്യ മഴ;കടത്തുകാരനെ കൈയ്യോടെ പൊക്കി പൊലിസ് .

അനധികൃതമായി കടത്തിയ 35 ലിറ്റർ വിദേശ മദ്യവുമായി ഇരുചക്ര വാഹന യാത്രക്കാരൻ പിടിയിൽ. ആറ്റിങ്ങൽ ആയിലം സ്വദേശി നാസ്സറുദീനാണ് [50] കിളിമാനൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം എം സി റോഡിൽ തട്ടത്ത് മലയിൽ നടന്ന അപകടത്തിനിടയിലാണ് സംഭവം. മൂന്ന് സഞ്ചികളിലായി ഒളിപ്പിച്ചിരുന്ന 67 കുപ്പി മദ്യവുമായി ചടയമംഗലത്തു നിന്നും കിളിമാനൂരിലേക്ക് വരുന്നതിനിടയിൽ നാസ്സറുദീൻ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം റോഡരുകിൽ നിർത്തിയിട്ടിരുന്ന കാറിൽ വന്നിടിച്ചിരുന്നു . ഇടിയുടെ ആഘാതത്തിൽ ഇരുചക്ര വാഹനത്തിൽ സൂക്ഷിച്ചിരുന്ന സഞ്ചികളിൽ നിന്നും മദ്യകുപ്പികൾ റോഡിലേക്ക് ചിതറി വീണു. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ നിസാമുദീനെ തടഞ്ഞ് വയ്ക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്ത് എത്തിയ കിളിമാനൂർ പോലീസ് നടത്തിയ പരിശോധനയിൽ 35 ലിറ്റർ വിദേശ മദ്യം പിടിച്ചെടുത്തു . ഇരുചക്രവാഹനവും കസ്റ്റഡിയിൽ എടുത്തു . പ്രതി നിരവധി അബ്കാരി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.