ഒരേ വീട്ടിൽ തുടർച്ചയായി കവർച്ച; മോഷണ തുക കൊണ്ട് ട്രിപ്പ് പോകും; പ്രതികൾ പിടിയിൽ

ഒരേ വീട്ടിൽ തുടർച്ചയായി കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് തവണയാണ് ഒരു വീട്ടിൽ തന്നെ പ്രതികൾ മോഷണം നടത്തിയത്. പാലോട് സ്വദേശികളാണ് അറസ്റ്റിലായത്. പാലോട് മത്തായിക്കോണം സ്വദേശിനിയുടെ വീട്ടിലാണ് പ്രതികൾ നിരന്തരമായി മോഷണം നടത്തിയത്. പെരിങ്ങമല സ്വദേശികളായ അഭിലാഷ്, മിഥുൻ എന്നിവരാണ് പിടിയിലായത്. ഗൃഹനാഥയുടെ ഭർത്താവ് ലോറി ഡ്രൈവറാണ്. ഇയാൾ ജോലിക്ക് പോകുമ്പോൾ ഭാര്യയെയും, മക്കളെയും കുടുംബ വീട്ടിൽ താമസിപ്പിക്കും. ഈ തക്കം നോക്കിയാണ് പ്രതികൾ തുടർച്ചയായി മോഷണം നടത്തിയത്. മോഷ്ടിച്ചെടുത്ത സ്വർണാഭരണങ്ങൾ വിൽക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്.

മോഷണം ചെയ്‌തെടുക്കുന്ന പണം ഉല്ലാസ യാത്രകൾക്കും ആഡംബര ജീവിതം നയിക്കാനുമാണ് പ്രതികൾ ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പാലോട് എസ്എച്ചഒ പി.ഷാജിമോൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.