കരുനാഗപ്പള്ളി കുലശേഖരപുരം നീലികുളം വയ്യാവീട്ടില്‍ ഷീലയെ കാര്‍ ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി.
2014ല്‍ കരുനാഗപ്പള്ളി പുതിയകാവിനടുത്ത് താജ്മഹല്‍പള്ളിക്ക് സമീപം വച്ച് അപകട മരണമെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം നടന്ന അരുംകൊലയാണ് മക്കളുടെ സംശയം മൂലം നടന്ന അന്വേഷണത്തില്‍ സത്യം വെളിച്ചത്തുവന്നത്. ഒന്നാംപ്രതി നീലികുളം ചെമ്പഞ്ചേരി തറയില്‍ അനില്‍കുമാര്‍(50),സഹോദരന്മാരായ അനിരുദ്ധന്‍(47), ഓച്ചിറ ചങ്ങന്‍കുളങ്ങര ചിത്തിരയില്‍ ഹരിസുതന്‍(52), ഭാര്യാപിതാവ് ഹരിപ്പാട് മുട്ടം ഇഞ്ചകോട്ടയില്‍ ശിവന്‍കുട്ടി(61) എന്നിവരെയാണ് കൊല്ലം തേഡ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഉഷാനായര്‍ ശിക്ഷിച്ചത്.സഹോദരന്മാരായ ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍ക്ക് ജീവപര്യന്തം ലഭിച്ചു. ഒന്നാംപ്രതിയുടെ ഭാര്യാപിതാവിന് മൂന്നു വര്‍ഷം കഠിനതടവ്.
മുന്‍ വൈരാഗ്യം മൂലം വാഹനം ഇടിച്ചുകൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് ടവേര കാര്‍ വാങ്ങി സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ചു സൂക്ഷിച്ചിരുന്നു. 2014 ഡിസംബര്‍ 11ന് കൊല്ലപ്പെട്ട ഷീല(52)യും ഇളയമകന്‍ അനീഷ്‌കുമാ(26)റുമായി കരുനാഗപ്പള്ളി ഗവ ആശുപത്രിയില്‍ പോയിഡോക്ടറെ കണ്ട് തിരികെ മടങ്ങും വഴിയാണ് ആക്രമണം നടന്നത്. ബൈക്കില്‍ പോയ ഇവരുടെ നേര്‍ക്ക് വാഹനം ഓടിക്കുന്നതിനിടയില്‍ ബദറുദ്ദീന്‍ എന്ന സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി എന്നാല്‍ വീണ്ടും മുന്നോട്ടുപോയി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയേറ്റ് പരുക്കേറ്റുവീണ ഷീലയെ വീണ്ടും കാര്‍ വളച്ചെടുത്ത് ദേഹത്തുകൂടി കയറ്റി കൊലപ്പെടുത്തിയതാണ് ഇതൊരു അപകടമരണമല്ലെന്ന് സംശയിക്കാനിടയാക്കിയതെന്ന് മക്കള്‍ വെളിപ്പെടുത്തിയിരുന്നു.
കൊലക്കുശേഷം കാര്‍ ഓടിച്ച് ഇവര്‍ ഒന്നാംപ്രതിയുടെ ഭാര്യാപിതാവിന്റെ വീടായ ഹരിപ്പാട് മുട്ടത്ത് വീട്ടില്‍ പാര്‍ക്കു ചെയ്തശേഷം തെങ്കാശിയിലേക്കു കടന്ന് അവിടെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍.
അന്വേഷണം നടന്നതോടെ നാലാംപ്രതി പൊലീസില്‍ ഹാജരായി താനാണ് വാഹനം ഇടിപ്പിച്ചതെന്നും മറ്റുള്ളവര്‍ക്ക് പങ്കില്ലെന്നും വ്യക്തമാക്കി കേസ് വഴി തിരിച്ചുവിടാന്‍ ശ്രമം നടത്തി.
പൊലീസില്‍ ചിലരെ സ്വാധീനിച്ചതായും ആക്ഷേപമുയര്‍ന്നു. ഷീലയുടെ മക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ഗൂഡാലോചന നടത്തിയാണ് കൊല നടത്തിയതെന്നും അതിന് പിന്നില്‍ പൂര്‍വ വൈരാഗ്യമാണെന്നും വ്യക്തമായത്.
ഷീലയുടെ മൂത്തമകന്‍ അരുണ്‍കുമാറും ഒന്നാംപ്രതിയുടെഭാര്യ സിജിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. സിജി സൗദിയില്‍ ജീവനൊടുക്കിയിരുന്നു. ഇത് കൊലപാതകമാണെന്നാരോപിച്ച് ഷീല ഉന്നതങ്ങളില്‍ പരാതിനല്‍കിയിരുന്നു. ഇതാണ് വൈരാഗ്യത്തിനു കാരണമായി ബന്ധുക്കള്‍ ആരോപിച്ചത്.
ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയും അരലക്ഷം രൂപവീതം പിഴയും ശിക്ഷിച്ചു. സാക്ഷി ബദറുദ്ദീനെ ഇടിച്ചുവീഴ്ത്തിയതിന് ഇവര്‍ക്ക് 25000 രൂപവീതംപിഴയും ആറുമാസം തടവും വേറെയുണ്ട്. നാലാംപ്രതി ശിവന്‍കുട്ടിയെ മൂന്നുവര്‍ഷം കഠിന തടവിനും 25000 രൂപ പിഴയും വിധിച്ചു. കരുനാഗപ്പള്ളി ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈബ്രാഞ്ച് അസി.കമ്മീഷണര്‍ ബി രാധാകൃഷ്ണപിള്ളയും പിന്നീട് ഇതേ സ്ഥാനത്തുവന്ന ജയശങ്കര്‍ ഐപിഎസും ആണ് അന്വേഷണം നടത്തിയത്.പ്രോസിക്യൂഷന് വേണ്ടിഅഡ്വ. പാലക്കത്തറ ബി ശ്യാമപ്രസാദ് ഹാജരായി.