ലോകകപ്പ് സെമി പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ; ഇരു ടീമിലും മാറ്റങ്ങളില്ല

മുംബൈ: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. നെതര്‍ലന്‍ഡ്സിനെതിരെ അവസാന ലീഗ് മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ശ്രീലങ്കക്കെതിരെ അവസാന മത്സരം ജയിച്ച ടീമില്‍ ന്യൂസിലന്‍ഡും മാറ്റം വരുത്തിയിട്ടില്ല.ആദ്യം ബാറ്റ് ചെയ്ത ടീമുകളെല്ലാം 300ന് മുകളില്‍ സ്കോര്‍ ചെയ്ത മുംബൈയില്‍ ഇന്ത്യയും ബാറ്റിംഗ് വെടിക്കെട്ട് നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈ ലോകകപ്പില്‍ മുംബൈയില്‍ ഇതുവരെ നടന്ന നാല് മത്സരങ്ങളില്‍ മൂന്നിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. നാലാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ രണ്ടാമത് ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ അവിശ്വസനീയ ഡബിള്‍ സെഞ്ചുറിയുടെ കരുത്തിലാണ് ജയിച്ചു കയറിയത്. 399, 382, 357 എന്നിങ്ങനെയാണ് മുംബൈയില്‍ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയും നേടിയ സ്കോറുകള്‍.തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും സെമിയില്‍ ഏറ്റുമുട്ടുന്നത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് ഫൈനലിലെത്തിയിരുന്നു. ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടങ്ങളില്‍ ഇത് ഏഴാം തവണയാണ് ഇന്ത്യ ഇറങ്ങുന്നത്. മൂന്ന് തവണ ജയിച്ചപ്പോള്‍ നാലു തവണ ഇന്ത്യ സെമിയില്‍ വീണു. ന്യൂസിലന്‍ഡ് ആറാം തവണയാണ് ലോകകപ്പ് സെമിയിലിറങ്ങുന്നത്. രണ്ടെണ്ണം ജയിച്ചപ്പോള്‍ നാലെണ്ണത്തില്‍ തോറ്റു.ലോകകപ്പില്‍ മിന്നും ഫോമിലാണെങ്കിലും നോക്കൗട്ട് പോരാട്ടങ്ങളില്‍ വിരാട് കോലിയുടെ മോശം ബാറ്റിംഗ് ശരാശരി ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണ്. നോക്കൗട്ട് പോരാട്ടങ്ങളില്‍ 12.16 മാത്രമാണ് കോലിയുടെ ബാറ്റിംഗ് ശരാശരി.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശർമ്മ , ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ന്യൂസിലന്‍ഡ് പ്ലേയിംഗ് ഇലവന്‍:ഡെവൺ കോൺവേ, രച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ടോം ലാതം, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗൂസൺ