ബിവ്‌റേജസ് കോര്‍പ്പറേഷനില്‍ കൂട്ടസ്ഥിരപ്പെടുത്തല്‍; പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടി

തിരുവനന്തപുരം: ബിവ്‌റേജസ് കോര്‍പ്പറേഷനില്‍ കൂട്ടസ്ഥിരപ്പെടുത്തല്‍. 995 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് തീരുമാനം. എല്‍ഡിസി, യുഡിസി സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സ്ഥിരനിയമനം. ബെവ്‌കോ ഡയറക്ടര്‍ ബോര്‍ഡിന്റേയാണ് തീരുമാനം. ഇത് സംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിലേയ്ക്ക് അയച്ചു. ബിവ്‌റജ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

ചാരായഷാപ്പുകള്‍ പൂട്ടിയപ്പോള്‍ ബിവ്‌റേജില്‍ ജോലി ലഭിച്ചവരും ആശ്രിത നിയമനത്തിലൂടെ താല്‍ക്കാലിക ജോലിയില്‍ പ്രവേശിച്ചവരും ഔട്ട്‌ലറ്റുകളില്‍ ജീവനക്കാരുടെ കുറവ് വന്നപ്പോള്‍ താല്‍ക്കാലികമായി നിയമിച്ചവരും സ്ഥിരപ്പെടുത്തുന്നവരുടെ ലിസ്റ്റിലുണ്ട്. താല്‍ക്കാലികമായി ജോലിക്ക് കയറിയവരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നത് പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകും. പിഎസ്സി വഴി കയറിയവര്‍ക്ക് പ്രൊമോഷന്‍ ഇല്ലാതാകും.

ഫയല്‍ ഇപ്പോള്‍ നികുതി വകുപ്പിന്റെ പരിഗണനയിലാണ്. ഉത്തരവ് ഉടന്‍ ഇറങ്ങിയേക്കും. എക്‌സൈസ് മന്ത്രി പങ്കെടുത്ത യൂണിയന്‍ നേതാക്കളുടെ യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. 2023 സെപ്റ്റംബര്‍ 19 നാണ്് യോഗം ചേര്‍ന്നത്. യൂണിയന്‍ നേതാക്കളുടെ അപേക്ഷ പ്രകാരമാണ് തീരുമാനം. ഇത്രയേറെ പേരെ ഒന്നിച്ച് സ്ഥിരപ്പെടുത്തുന്നത് അപൂര്‍വ്വമാണ്. ഇത് കോടതി വിധികളുടെ ലംഘനമെന്നും ആക്ഷേപം ഉയരുന്നുണ്ട്