കേജ്‌രിവാളിനെതിരായ ഇഡി നടപടിയിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തുവന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ഗൂഢാലോചനയാണെന്ന് മമത ആരോപിച്ചു.കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇതേ കേസിൽ സിബിഐ അരവിന്ദ് കേജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു. ഇതേ കേസിൽ ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോടതി ജാമ്യം നിഷേധിച്ച് മണിക്കൂറുകൾക്കകമാണ് ഇഡി മുഖ്യമന്ത്രി കേജ്‌രിവാളിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. 2022 ഓഗസ്റ്റിലാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡിയും സിബിഐയും കേസ് രജിസ്റ്റർ ചെയ്തത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് മനീഷ് സിസോദിയയുടെ ഹർജി തള്ളിയത്. വിചാരണ മന്ദഗതിയിലായാൽ സിസോദിയയ്ക്ക് വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാമെന്ന് രണ്ടംഗ ബെഞ്ച് പറഞ്ഞു. ഫെബ്രുവരി 26 നാണ് കേസിൽ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐയുടെയും ഇഡിയുടെയും രണ്ട് കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്.