കുറുമ്പയം സ്‌കൂളിലെ പഠനം ഇനി സ്മാർട്ട് ക്ലാസ് മുറികളിൽപുതിയ ബഹുനില മന്ദിരം തുറന്ന് മന്ത്രി വി.ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് കുറുമ്പയം ഗവൺമെന്റ് എൽ.പി.എസിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യഭ്യാസം നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമം പ്രശംസനീയവും മാതൃകയുമാണെന്ന് മന്ത്രി പറഞ്ഞു. ആധുനികവും സുസജ്ജവുമായ സ്‌കൂൾ കെട്ടിടങ്ങൾ നിർമിക്കുന്നതിനും പഠനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനും സർക്കാർ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയാറാക്കിയ സ്മാർട്ട് ക്ലാസ് റൂമുകൾ അടക്കമുള്ള സൗകര്യങ്ങൾ പഠനാനുഭവം വർധിപ്പിക്കുന്നതിനൊപ്പം ഡിജിറ്റൽ യുഗത്തിലേക്ക് വിദ്യാർത്ഥികളെ സജ്ജരാക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാമനപുരം മണ്ഡലത്തിൽ ഡി.കെ മുരളി എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നതായും മന്ത്രി അറിയിച്ചു. 

4,200 സ്‌ക്വയർ ഫീറ്റിൽ രണ്ടുനിലകളിലായി, ഭിന്നശേഷി സൗഹൃദമായ ശുചിമുറികളും ആറ് ക്ലാസ് മുറികളും അടങ്ങുന്നതാണ് കെട്ടിടം. കഴിഞ്ഞ വർഷം നവംബർ ഏഴിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് സ്‌കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടത്. തുടർന്ന് നിലവിലുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചു മാറ്റുകയും സ്‌കൂളിന്റെ പ്രവർത്തനം താത്കാലികമായി തൊട്ടടുത്ത കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. ധ്രുതഗതിയിൽ മുന്നോട്ടുപോയ കെട്ടിടത്തിന്റെ നിർമാണം ഒക്ടോബറിൽ പൂർത്തിയായിരുന്നു. അവസാനവട്ട മിനുക്ക് പണികൾ പൂർത്തിയാക്കി പഠനത്തിനായി സജ്ജമായ ബഹുനില മന്ദിരം മലയോര ഗ്രാമീണ മേഖലയായ കുറുമ്പയത്തിന്റെ പ്രൈമറി വിദ്യാഭ്യാസമേഖലയ്ക്ക് മുതൽക്കൂട്ടാവുകയാണ്. 75 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ കുറുമ്പയം എൽ.പി സ്‌കൂളിന് ആധുനിക സൗകര്യങ്ങളോടെയുള്ള ബഹുനില മന്ദിരം നിർമിക്കണമെന്ന നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യം കൂടിയാണ് ഇതോടെ നിറവേറിയത്.