തിരുവനന്തപുരം ചൈതന്യ ഐ ഹോസ്പിറ്റൽ ജീവനക്കാരി അശ്വതി നിശാന്ത് നിര്യാതയായി

ചടയമംഗലം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. രാധാകൃഷ്ണൻ നായരുടെ മരുമകളും ശ്രീ. നിശാന്ത് കൃഷ്ണന്റെ ഭാര്യയും തിരുവനന്തപുരം ചൈതന്യ ഐ ഹോസ്പിറ്റൽ ജീവനക്കാരിയും ആയ അശ്വതി നിശാന്ത് നിര്യാതയായി. 35 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളുകളായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 20ന് ഉണ്ടായ പക്ഷാഘാതത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്ന സാഹചര്യത്തിൽ ഹൃദയാഘാതം സംഭവിക്കുകയും തുടർന്ന് മരണത്തിന് കീഴടങ്ങുകയും ആയിരുന്നു. പട്ടികയിൽ ഒന്നാമതായിട്ടുകൂടി ഏറെ നാളുകളായി വൃക്ക-പാൻക്രിയാസ് മാറ്റിവയ്ക്കുന്നതിനായ് കാത്തിരിക്കുകയായിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി വഷളായ അവസരത്തിൽ, ഏതാനും ദിവസങ്ങൾക്ക് മുന്നേ വൃക്ക-പാൻക്രിയാസ് എന്നിവ ലഭ്യമായെങ്കിലും ശസ്ത്രക്രിയക്ക് അനുയോജ്യമായ സാഹചര്യം ആയിരുന്നില്ലയെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് മറ്റൊരാൾക്ക് ആ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. അസുഖബാധിത ആയിട്ടും സ്വന്തം മനക്കരുത്ത് കൊണ്ട് തളരാതെ പിടിച്ചു നിൽക്കുകയും ഒരുപാട് പേർക്ക് ആശ്വാസവും, സ്വാന്തനം പകർന്നു നൽകൂകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാവുകയും ചെയ്തുകൊണ്ടിരുന്ന അശ്വതിയുടെ അകാലത്തിലുള്ള മരണം കൃത്യമായ സമയത്ത് അവയവം മാറ്റിവയ്ക്കുന്നതിന് ലഭ്യമാകാത്ത വലിയ സാഹചര്യം ഉണ്ട് എന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒന്നാണ്. അശ്വതിയുടെ അവയവങ്ങൾ ദാനംചെയ്യാൻ കുടുംബം ആഗ്രഹിച്ചിരുന്നു എങ്കിലും അതിന് കഴിയുമായിരുന്നില്ല എന്ന് കിംസിലെ ഡോക്ടർമാർ അറിയിച്ചു. കൂടുതൽ യുവജനങ്ങൾക്ക് ജീവിതശൈലി രോഗങ്ങളാലും മറ്റും ആന്തരികാവയവങ്ങൾ മാറ്റിവയ്ക്കേണ്ട സാഹചര്യം കൂടി വരുകയാണ്. അവയവദാനം ഒരു മഹാദാനം ആണെന്നും അതിലൂടെ ഒരു വ്യക്തിയെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുക മാത്രമല്ല ഒരു കുടുംബത്തിന്റെ ആകെ പ്രതീക്ഷകൾക്ക് ജീവൻപകരാൻ കഴിയുമെന്നും അവസരങ്ങൾ ഉണ്ടായാൽ അവയവധാനത്തിനായ് എല്ലാവരും തയ്യാറാവണം എന്നും അശ്വതിയുടെ കുടുംബം അഭ്യർത്ഥിച്ചു.