ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരക്കൈമാറ്റവുമായി മുംബൈ ഇന്ത്യൻസ്. 17.50 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു നൽകി ഗുജറാത്ത് ടൈറ്റൻസ് നായകനായ ഹാർദ്ദിക് പാണ്ഡ്യയെ മുംബൈ ടീമിലെത്തിച്ചു. രണ്ടും ക്യാഷ് ഡീലുകളാണ്.കഴിഞ്ഞ ദിവസം ഇരു ടീമുകളും ഇരുവരെയും നിലനിർത്തിയിരുന്നു. ഹാർദ്ദിക്കിനെ മുംബൈ ടീമിലെത്തിക്കുമെന്ന റിപ്പോർട്ടുകൾ തള്ളിയായിരുന്നു തീരുമാനം. എന്നാൽ, ഇതിനു പിന്നാലെ ദേശീയ മാധ്യമങ്ങൾ ഗ്രീൻ ബാംഗ്ലൂരിലേക്കും ഹാർദിക് മുംബൈയിലേക്കും ചേക്കേറും എന്ന റിപ്പോർട്ടുകൾ നൽകി. ഈ റിപ്പോർട്ടുകൾ ശരിവെക്കുന്ന പ്രഖ്യാപനമാണ് നിലവിൽ മുംബൈ ഇന്ത്യൻസ് നടത്തിയിരിക്കുന്നത്. ഗ്രീനിനെ ബാംഗ്ലൂരിനു നൽകി എന്ന് അടിക്കുറിപ്പിലൂടെ സ്ഥിരീകരിച്ച മുംബൈ ഹാർദ്ദിക് മുംബൈ ജഴ്സിയിലുള്ള ഒരു ചിത്രമാണ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്.അതേസമയം, ഹാർദ്ദിക് ടീം വിട്ടതായി അറിയിച്ച ഗുജറാത്ത് തങ്ങളുടെ പുതിയ ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിനെ നിയമിച്ചു. കാമറൂൺ ഗ്രീനിനെ ടീമിലെത്തിച്ചതായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും അറിയിച്ചു.8 താരങ്ങളെ ഗുജറാത്ത് റിലീസ് ചെയ്തിരുന്നു. ശ്രീലങ്കൻ ഓൾറൗണ്ടർ ദാസുൻ ഷാനക, വെസ്റ്റ് ഇൻഡീസ് താരങ്ങളായ ഒഡീൻ സ്മിത്ത്, അൽസാരി ജോസഫ് എന്നിവർക്കൊപ്പം ഇന്ത്യൻ താരങ്ങളായ യാഷ് ദയാൽ, കെഎസ് ഭരത്, ശിവം മവി, ഉർവിൽ പട്ടേൽ, പ്രദീപ് സാങ്‌വാൻ എന്നിവരെയും ഗുജറാത്ത് ഒഴിവാക്കി.അതേസമയം, മുംബൈ ഇന്ത്യൻസ് 11 താരങ്ങളെ റിലീസ് ചെയ്തു. പരുക്ക് വകവെക്കാതെ ടീമിലെത്തിച്ച് തിരിച്ചടിയേറ്റ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ, ദക്ഷിണാഫ്രിക്കൻ യുവതാരങ്ങളായ ട്രിസ്റ്റൻ സ്റ്റബ്സ്, ഡുവാൻ ജാൻസൻ, ഓസീസ് പേസർമാരായ ഝൈ റിച്ചാർഡ്സൺ, റൈലി മെരെഡിത്ത്, ഇംഗ്ലീഷ് പേസർ ക്രിസ് ജോർഡൻ എന്നിവരെയൊക്കെ മുംബൈ ഒഴിവാക്കി. ഇവർക്കൊപ്പം സന്ദീപ് വാര്യർ, അർഷദ് ഖാൻ, രമണ്ഡീപ് സിംഗ്, ഋതിക് ഷോകീൻ, രാഘവ് ഗോയൽ എന്നിവരെയും മുംബൈ ഒഴിവാക്കി.