നടി പ്രിയ അന്തരിച്ചു; ദാരുണാന്ത്യം എട്ടുമാസം ഗർഭിണിയായിരിക്കെ പരിശോധനയ്‌ക്കെത്തിയപ്പോൾ

തിരുവനന്തപുരം: ടെലിവിഷൻ സീരിയൽ നടി ഡോ.പ്രിയ അന്തരിച്ചു. നടൻ കിഷോ‌ർ സത്യയാണ്‌ സമൂഹമാധ്യമത്തിലൂടെ മരണവാർത്ത പങ്കുവച്ചത്‌. ഹൃദയസ്‌തംഭനമാണ് മരണകാരണമെന്ന് കിഷോർ സത്യ പറഞ്ഞു. പ്രിയ എട്ടുമാസം ഗ‌ർഭിണിയായിരുന്നുവെന്നും, കുഞ്ഞ്‌ ഐസിയുവിൽ ആണെന്നും കിഷോർ കുറിപ്പിൽ വ്യക്തമാക്കി.

നിരവധി സീരിയലുകളിലൂടെ സുപരിചിതയാണ് നടി പ്രിയ. വിവാഹത്തോടെ അഭിനയരംഗത്തുനിന്നും വിട്ടുനിന്ന പ്രിയ ചെറിയ വേഷങ്ങളിലൂടെയാണ് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്‌നേഹം നേടിയെടുത്തത്.

കിഷോർ സത്യയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി

ഡോ. പ്രിയ ഇന്നലെ ഹൃദയ സ്‌തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ICU വിലാണ്.


മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് cardiac arrest, ഉണ്ടാവുകയായിരുന്നു. ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നന്ന ഭർത്താവിന്റെ വേദന...

ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്‌ച മനസ്സിൽ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും....


വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി.... മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു....

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ...

രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി.... 35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല.... ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും...

അറിയില്ല....

അവരുടെ മനസുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ....