ദില്ലി: ദീപാവലിക്ക് ദില്ലിയിൽ വിറ്റുപോയത് റെക്കോർഡ് വിലയുടെ മദ്യം. ഈ വർഷം മദ്യവിൽപ്പനയിൽ വൻ കുതിച്ചുചാട്ടമാണ് രാജ്യതലസ്ഥാനത്ത് ഉണ്ടായത്. ദീപാവലിയോട് അനുബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ മദ്യവിൽപ്പനയിൽ നിന്ന് നേടിയത് 525 കോടി രൂപയിലധികമാണ്. കണക്കുകൾ പ്രകാരം, ദീപാവലിക്ക് മുമ്പുള്ള 18 ദിവസങ്ങൾക്കുള്ളിൽ 3 കോടിയിലധികം മദ്യക്കുപ്പികളാണ് ദില്ലിയിൽ മാത്രം വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷത്തെ വില്പന കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 40 ശതമാനത്തിലധികം വർധനവാണ് ഇത്തവണത്തെ ദീപാവലിക്ക് ഉണ്ടായിരിക്കുന്നത്. ദീപാവലിയുടെ തലേദിവസം അതായത്, നവംബർ 11-ന് 54 കോടി രൂപയുടെ മദ്യമാണ് ദില്ലിക്കാർ വാങ്ങിയത്. മുൻവർഷം ഇതേ കാലയളവിൽ ഏകദേശം 2.11 കോടി കുപ്പികൾ ആണ് വിറ്റഴിച്ചത്. മാത്രമല്ല ദീപാവലി വിപണിയിൽ പ്രതിദിന ശരാശരി വിൽപ്പന 12.44 ലക്ഷത്തിൽ നിന്ന് 17.93 ലക്ഷമായി ഉയർന്നു.ഈ വർഷത്തെ ബമ്പർ വിൽപ്പന, ഉത്സവ സീസണിൽ ലഹരിപാനീയങ്ങളുടെ ഉയർന്ന ഡിമാൻഡിനെ അടിവരയിടുകയാണ്. ദിവസേനയുള്ള വിൽപ്പന അളവിൽ 45 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം, ചില ബ്രാൻഡുകളുടെ അഭാവമുണ്ടായിട്ടും, മദ്യശാലകളുടെ എണ്ണം സർക്കാർ കഴിഞ്ഞ വർഷത്തെ 450 ൽ നിന്ന് ഈ വർഷം ഏകദേശം 625 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്.