കണ്ണൂർ: ജഡ്ജിക്കും അഭിഭാഷകർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് തലശ്ശേരി ജില്ലാ കോടതിയിലെ മൂന്ന് കോടതികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. കോടതിയിലെത്തിയ അൻപതോളം പേർക്കാണ് പനിയും ശരീരവേദനയും അനുഭവപ്പെട്ടത്. മെഡിക്കൽ സംഘം കോടതിയിലെത്തി പരിശോധന നടത്തി. രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന മൂന്ന് കോടതികളിൽ വന്നവർക്കാണ് ദേഹാസ്വാസ്ഥ്യം. ജഡ്ജിക്കും അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും ആരോഗ്യപ്രശ്നങ്ങൾ.അലർജിക്ക് സമാനമായ ലക്ഷണങ്ങൾ. ഒരു ജഡ്ജി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മെഡിക്കൽ സംഘം കോടതിയിലെത്തി പരിശോധന നടത്തി. ആരോഗ്യപ്രശ്നങ്ങളുണ്ടായവരുടെ രക്ത സാമ്പിളും സ്രവവും ശേഖരിച്ചു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. മുൻകരുതൽ ഭാഗമായി അഡീഷണൽ ജില്ലാ കോടതി രണ്ടും മൂന്നും പ്രിൻസിപ്പൽ സബ് കോടതിയും വെളളിയാഴ്ച വരെ പ്രവർത്തിക്കില്ല. തൊട്ടടുത്ത് പുതിയ കോടതി സമുച്ചയത്തിന്‍റെ പണി നടക്കുന്നുണ്ട്. അവിടെ നിന്നുളള പൊടിപടലങ്ങൾ കാരണമാണോ ആരോഗ്യപ്രശ്നങ്ങളെന്നും സംശയിക്കുന്നു.