അതിഗംഭീരം ദക്ഷിണാഫ്രിക്ക! കുതിച്ചുയർന്നത് ഇന്ത്യക്കും മുകളിലായി, 4 ടീമുകൾക്ക് ഇനി നിർണായകം, സെമി സാധ്യത ഇങ്ങനെ

പുനെ: കരുത്തരുടെ പോരാട്ടം എന്ന വിശേഷണത്തിൽ തുടങ്ങിയ മത്സരത്തിൽ ന്യൂസിലൻഡിനെ നിലംതൊടാതെ തോൽപ്പിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസവും വർധിച്ചു. ഗംഭീര വിജയത്തോടെ ഇന്ത്യയെയും മറികടന്ന് പോയിൻ്റ് പട്ടികയിൽ ആഫ്രിക്കൻ ശക്തികൾ ഇരിപ്പുറപ്പിച്ചു. 7 കളികളിൽ നിന്ന് 12 പോയിൻ്റുമായാണ് ദക്ഷിണാഫ്രിക്ക് മുന്നിലെത്തിയത്. 6 കളികളിൽ നിന്ന് ഇന്ത്യക്ക് 12 പോയിൻ്റ് ഉണ്ടെങ്കിലും ദക്ഷിണാഫ്രിക്കക്ക് റൺറേറ്റ് തുണയാകുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്ക സെമി ടിക്കറ്റും ഉറപ്പിച്ച മട്ടാണ്. ആറ് കളികളിൽ ആറും ജയിച്ച ഇന്ത്യയും സെമി കടമ്പ ഏറക്കുറെ കടന്നു എന്ന് പറയാം.എന്നാൽ ദക്ഷിണാഫ്രിക്കക്കെതിരായ പരാജയത്തോടെ ന്യൂസിലൻഡിൻ്റെ സെമി സാധ്യത തുലാസിലാണ്. ഒപ്പം 3 ടീമുകളും സെമി ടിക്കറ്റിനായുള്ള പോരാട്ടത്തിലുണ്ട്. ഓസ്ട്രേലിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് സെമി ബർത്തിനായുള്ള പോരാട്ടത്തിൽ ന്യൂസിലൻഡിനൊപ്പമുള്ളത് 7 കളിയിൽ നിന്ന് 8 പോയിൻ്റ് മാത്രമാണ് ന്യൂസിലാൻഡിൻ്റെ സമ്പാദ്യം. 6 കളികളിൽ നിന്ന് 8 പോയിൻ്റുള്ള ഓസ്ട്രേലിയ 7 കളികളിൽ നിന്ന് 6 പോയിൻ്റുള്ള പാകിസ്ഥാൻ, 6 കളികളിൽ നിന്ന് 6 പോയിൻ്റുള്ള അഫ്ഗാൻ എന്നിവരിൽ ആർക്ക് വേണമെങ്കിലും സെമിയിലേക്ക് കുതിച്ചെത്താം.അതേസമയം ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്ക വമ്പൻ ജയമാണ് സ്വന്തമാക്കിയത്. ന്യൂസിലൻഡിനെ 191 റൺസിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. 358 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കിവികളുടെ പോരാട്ടം 167 റൺസിൽ അവസാനിച്ചു. സെഞ്ചുറി നേടിയ ക്വിന്‍റണ്‍ ഡി കോക്കും വാന്‍ഡെര്‍ ദസ്സനും 4 വിക്കറ്റ് നേടിയ കേശവ് മഹാരാജും 3 വിക്കറ്റ് നേടിയ മാർക്കോ ജാൻസണുമാണ് ആഫ്രിക്കൻ ശക്തികളുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്.