നവകേരള സദസ്:കഴക്കൂട്ടത്ത് ഡിസംബർ 23ന്, സംഘാടക സമിതിയായി

നവകേരള സൃഷ്ടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രവർത്തനങ്ങൾക്കായി കഴക്കൂട്ടം മണ്ഡലത്തിൽ വിപുലമായ സംഘാടകസമിതിയായി. കഴക്കൂട്ടം അൽ സാജ് കൺവൻഷൻ സെന്ററിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗത്തിന്റെ ഉദ്ഘാടനം പൊതു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിച്ച് സർക്കാരിന്റെ വിവിധ വികസന പരിപാടികൾ വിലയിരുത്തുന്നതിനാണ് നവകേരള സദസ് ആസൂത്രണം ചെയ്തതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് സമയബന്ധിതമായി അവയ്ക്ക് പരിഹാരം കാണാനാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ചെയർമാനും ജില്ലാ സപ്ലൈ ഓഫീസർ കെ. അജിത് കുമാർ കൺവീനറും വിവിധ വകുപ്പുകളിലെ 51 ഉദ്യോഗസ്ഥരടങ്ങിയ കമ്മിറ്റിയും മണ്ഡലത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ അംഗങ്ങളുമായ സബ് കമ്മിറ്റിയും ഉൾപ്പെടെ വിപുലമായ സംഘാടകസമിതിയാണ് രൂപീകരിച്ചത്.
ഡിസംബർ 23 ന് വൈകിട്ട് നാല് മണിക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 10,000 പേരെ പങ്കെടുപ്പിച്ചുകൊണ്ട് കഴക്കൂട്ടം മണ്ഡലത്തിന്റെ നവകേരള സദസ്സ് സംഘടിപ്പിക്കും. കൂടാതെ ഡിസംബർ 23 ന് നവകേരള സദസ്സിന് മുന്നോടിയായി ഗാനമേളയും നടക്കും.
കഴക്കൂട്ടം മണ്ഡലത്തിൽ നവകേരള സദസ്സിന് മുന്നോടിയായി ഡിസംബർ ഒന്ന് മുതൽ വിവിധ സാംസ്‌കാരിക കലാപരിപാടികളും സംഘടിപ്പിക്കാനും തീരുമാനമായി. കൂടാതെ ഡിസംബർ 15 മുതൽ 25 വരെ കഴക്കൂട്ടം ഫെസ്റ്റ്, കാർണിവൽ,ഭക്ഷ്യ മേള തുടങ്ങിയവയും സംഘടിപ്പിക്കും.

 മണ്ഡലത്തിലെ 22 കോർപ്പറേഷൻ വാർഡുകളിലും വാർഡുതല സംഘാടക സമിതികളും വീട്ടുമുറ്റ കൂട്ടായ്മകളും രൂപീകരിക്കും.അൽ സാജ് കൺവൻഷൻ സെന്ററിൽ നടന്ന യോഗത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ,രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.