2023 ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക പോരാട്ടത്തില്‍ തകര്‍ച്ച നേരിട്ട് ശ്രീലങ്ക. ഇന്ത്യ ഉയര്‍ത്തിയ 358ന്റെ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് 29 റണ്‍സ് എടുക്കുന്നതിനിടെ 8 വിക്കറ്റ് നഷ്ടം. ഇന്ത്യന്‍ പേസര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍ ശ്രീലങ്കന്‍ മുന്‍നിര ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ബുംമ്ര എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേട്ടമുണ്ടായി. ശ്രീലങ്കയ്‌ക്കെതിരെ ഏഷ്യാകപ്പ് ഫൈനലില്‍ തകര്‍ത്തെറിഞ്ഞ സിറാജ് ആ പ്രകടനത്തിന്റെ തനിയാവര്‍ത്തനം പോലെ ഇന്നും ശ്രീലങ്കന്‍ ബാറ്റര്‍മാരുടെ നടുവൊടിച്ചു. മൂന്ന് വിക്കറ്റുകളാണ് ഇതുവരെ താരം നേടിയത്. ലോകകപ്പില്‍ മിന്നുന്ന ഫോം തുടരുന്ന മുഹമ്മദ് ഷമി 4 വിക്കറ്റും ബുംമ്ര ഒരു വിക്കറ്റും സ്വന്തമാക്കി.നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു.ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ മധുശങ്ക ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കി. എന്നാല്‍ പിന്നീട് എത്തിയ വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ പതുക്കെ കരകയറ്റി. 92 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോലി 88 റണ്‍സെടുത്തു.
രണ്ടാം വിക്കറ്റില്‍ 189 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. ശ്രേയസ് അയ്യര്‍ 56 പന്തില്‍ 82 റണ്‍സെടുത്തു. ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്ത് അവസാന പന്തില്‍ റണ്ണൗട്ടായി. ശ്രീലങ്കക്കായി ദില്‍ഷന്‍ മധുശങ്ക 80 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. ശ്രേയസ് മടങ്ങിയശേഷം ആക്രമണം ഏറ്റെടുത്ത ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്ത് ഇന്ത്യയെ 350 കടത്തി.
ശ്രീലങ്കക്കായി മധുശങ്ക 80 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ചമീര ഒരു വിക്കറ്റെടുത്തു. അതേസമയം ഏകദിന സെഞ്ചുറികളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ വിരാട് കോലി ഇനിയും കാത്തിരിക്കണം, ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ നടക്കുന്ന മത്സരത്തില്‍ സെഞ്ചുറി പ്രതീക്ഷ നല്‍കിയ കോലി 88 റണ്‍സെടുത്ത് പുറത്തായി.
ഏകദിനത്തില്‍ നിലവില്‍ സച്ചിന് 49ഉം കോലിക്ക് 48ഉം സെഞ്ച്വറികളാണുള്ളത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ തന്നെ സച്ചിന്റെ റെക്കോര്‍ഡിന് അരികിലെത്തിയിരുന്നു. 95 റണ്‍സെടുത്ത കോലി വിജയ സിക്‌സര്‍ നേടാനുള്ള ശ്രമത്തില്‍ സെഞ്ചുറിക്ക് അഞ്ച് റണ്‍സകലെ പുറത്താവുകയായിരുന്നു.