സൂര്യ നയിച്ചു, ഇഷാന്റെ പിന്തുണ, റിങ്കുവിന്‍റെ ഹീറോയിസം! ടി20യില്‍ ഓസീസിനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ജയം. വിശാഖപട്ടണത്ത് രണ്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് ജോഷ് ഇന്‍ഗ്ലിന്റെ (50 പന്തില്‍ 110) സെഞ്ചുറി കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് (42 പന്തില്‍ 80) ഇന്ത്യയുടെ വിജയശില്‍പി. ഇഷാന്‍ കിഷന്‍ (39 പന്തില്‍ 58) മികച്ച പ്രകടനം പുറത്തെടുത്തു. 14 പന്തില്‍ 22 റണ്‍സെടുത്ത് പുറത്താവാതെ നിന്ന റിങ്കു സിംഗാണ് വിജയം പൂര്‍ത്തിയാക്കിയത്. അവസാന പന്തില്‍ റിങ്കു സിക്സ് നേടിയെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു. സിക്സിന് മുമ്പ് ഇന്ത്യ വിജയം പൂര്‍ത്തിയാക്കി. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ഞായറാഴ്ച്ച, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരം.നിരാശപ്പെടുത്തുന്ന തുടക്കമായിരുന്നു ഇന്ത്യക്ക്. അഞ്ചാം പന്തില്‍ തന്നെ ഒരു പന്ത് പോലും നേരിടാതെ റുതുരാജ് ഗെയ്കവാദ് (0) പുറത്തായി. താരം റണ്ണൗട്ടാവുകയായിരുന്നു. വൈകാതെ യഷസ്വി ജെയ്‌സ്വാളും (21) മടങ്ങി. ആത്മവിശ്വാസത്തോടെ തുടങ്ങിയ ശേഷമാണ് ജെയ്‌സ്വാള്‍ മടങ്ങിയത്. എട്ട് പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ താരം 21 റണ്‍സ് നേടിയിരുന്നു. നാലാം വിക്കറ്റില്‍ കിഷനും സൂര്യയും ഒത്തുചേര്‍ന്നതോടെ മത്സരം ഇന്ത്യയുടെ വരുതിയിലായി. ഇരുവരും 112 റണ്‍സാണ് കൂട്ടിചേര്‍ത്ത്. 13-ാം ഓവറില്‍ കിഷന്‍ പുറത്തായതോടെ കൂട്ടുകെട്ട് പൊള്ളിഞ്ഞു. 39 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. തിലക് വര്‍മ (12) നിരാശപ്പെടുത്തി. വിജയത്തിനടുത്ത സൂര്യയും വീണു. നാല് സിക്‌സും ഒമ്പത് ഫോറും നേടിയ സൂര്യയെ ബെഹ്രന്‍ഡോര്‍ഫിന്റെ പന്തില്‍ ആരോണ്‍ ഹാര്‍ഡി പിടിച്ചു പുറത്താക്കി. എന്നാലും റിങ്കു സിംഗും (), അക്‌സര്‍ പട്ടേലും (2) വിജയം പൂര്‍ത്തിയാക്കി. അവസാന രണ്ട് ഓവറില്‍ 14 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19-ാം ഓവറില്‍ ആറ് റണ്‍സ് പിറന്നു. അവസാന ഓവറില്‍ ജയിക്കാന്‍ ഏഴ് റണ്‍സ്. സീന്‍ അബോട്ടിന്റെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി റിങ്കു സമ്മര്‍ദ്ദം കുറച്ചു. അടുത്ത പന്തില്‍ ബൈ ഇനത്തിലൂടെ ഒരു റണ്‍. അടുത്ത പന്തില്‍ അക്സര്‍ പുറത്ത്. നാലാം പന്തില്‍ രവി ബിഷ്ണോയ് (0) റണ്ണൗട്ടായി. അപ്പോഴേക്കും റിങ്കു ബാറ്റിംഗ് എന്‍ഡിലെത്തിയിരുന്നു. അഞ്ചാം പന്തില്‍ ഒരു റണ്‍സ്. രണ്ടാം റണ്‍സെടുക്കുന്നതിനിടെ അര്‍ഷ്ദീപ് സിംഗ് (0) റണ്ണൗട്ടായി. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍. സീന്‍ അബോട്ട് നോബോളെറിഞ്ഞതോടെ ഇന്ത്യയുടെ വിജയം പൂര്‍ത്തിയായി. റിങ്കു സിക്സ് നേടിയെങ്കിലും അതിന് മുമ്പ് ഇന്ത്യ ജയിച്ചിരുന്നു. മുകേഷ് കുമാര്‍ (0) പുറത്താവാതെ നിന്നു. 

നേരത്തെ, ഓസീസിന് ഭേദപ്പട്ട തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 31 റണ്‍സുള്ളപ്പോള്‍ മാത്യു ഷോര്‍ട്ടിന്റെ (13) വിക്കറ്റ് ഓസീസിന് നഷ്ടമായിരുന്നു. രവി ബിഷ്‌ണോയിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നീട് ഇന്‍ഗ്ലിസ് - സ്മിത്ത് സഖ്യം ഇന്ത്യന്‍ ബൗളര്‍മാരെ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും പായിച്ചു. ഇരുവരും 131 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 16-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സ്മിത്ത് റണ്ണൗട്ടായി. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഓസീസ് ഓപ്പണറുടെ ഇന്നിംഗ്‌സ്. 

അധികം വൈകാതെ ഇന്‍ഗ്ലിസ് സെഞ്ചുറി പൂര്‍ത്തിയാക്കി. പതിനെട്ടാം ഓവറിലാണ് താരം മടങ്ങുന്നത്. പ്രസിദ്ധിന്റെ പന്തില്‍ യഷസ്വി ജെയ്‌സ്വാളിന് ക്യാച്ച്. 50 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്‌സും 11 ഫോറും നേടിയിരുന്നു. മാര്‍കസ് സ്‌റ്റോയിനിസ് (19) - ടിം ഡേവിഡ് (8) സഖ്യം സ്‌കോര്‍ 200 കടത്തി. ബിഷ്‌ണോയ് നാല് ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്തു. പ്രസിദ്ധിന് 50 റണ്‍സും വഴങ്ങേണ്ടിവന്നു. ഇരുവരും ഓരോ വിക്കറ്റും വീഴ്ത്തി.