◾കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനാ ബാധ്യതക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹത്തിന്റെ നിലപാട് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണ്ണര്‍ക്ക് പല ലക്ഷ്യങ്ങളുണ്ടെന്നും വ്യക്തിപരമായ പല അജണ്ടകളും അദ്ദേഹത്തിന് ഉണ്ടാകാമെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.
◾ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്നും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്നും സമ്മതിച്ച് ചീഫ് സെക്രട്ടറി ഡോ. വി വേണു. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വൈകുന്നതിനെതിരായ ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറി സാമ്പത്തിക പ്രതിസന്ധിമൂലമാണ് പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിക്കാന്‍ സാധിക്കാത്തതെന്ന് ഹൈക്കോടതിയെ അറിയിച്ചു.
◾ആഘോഷപരിപാടികളേക്കാന്‍ മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍ക്കാണ് സര്‍ക്കാര്‍ പ്രാധ്യാന്യം നല്‍കേണ്ടതെന്ന് ഹൈക്കോടതി. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയ സാഹചര്യത്തിലാണ് കേരളീയം പോലുള്ള ആഘോഷപരിപാടികളെ ഹൈക്കോടതി വിമര്‍ശിച്ചത്. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വൈകുന്നതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഈ വിമര്‍ശനം.
◾കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചത് സംസ്ഥാനത്തിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുവെന്നും കേന്ദ്ര സര്‍ക്കാരിന്റെ അതി തീവ്ര സാമ്പത്തിക അതിക്രമം നേരിടേണ്ടിവരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തൊക്കെ സംഭവിച്ചാലും സംസ്ഥാന സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ നിന്ന് പിന്മാറില്ലെന്നും അനാവശ്യ ചെലവ് കുറച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും നികുതി പിരിവ് ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾നാലു മാസത്തെ കുടിശ്ശികയില്‍ ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. തൊള്ളായിരം കോടിയോളം രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. നവകേരള സദസ്സ് തുടങ്ങാനിരിക്കെയാണ് പെന്‍ഷന്‍ വിതരണം വീണ്ടും തുടങ്ങുന്നത്.
◾കേരളീയം വന്‍ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പ്രൗഢിയും പെരുമയും സംസ്‌കാരവും വിളിച്ചോതിയ ഒന്നാം കേരളീയത്തിനു ശേഷം രണ്ടാം കേരളീയത്തിന് ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് പറഞ്ഞ അദ്ദേഹം ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി വിപുലമായ കമ്മിറ്റിക്ക് മന്ത്രിസഭാ യോഗം രൂപം നല്‍കിയെന്നും പറഞ്ഞു.
◾കേരളീയത്തിലെ പൊതുജന പങ്കാളിത്തം കണ്ട് സഹിക്കാനാകാത്ത ചിലര്‍, അടിസ്ഥാനരഹിതമായി കാര്യങ്ങള്‍ ഉന്നയിച്ച് ആദിവാസി വിരോധം വളര്‍ത്താനും ആദിവാസി സമൂഹത്തെ പ്രകോപിപ്പിക്കാനും വലിയ പരിശ്രമങ്ങളാണ് നടത്തുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ആദിവാസികളുടെ കലകളും ജീവിത രീതികളും അവതരിപ്പിക്കാന്‍ ഒരുക്കിയ ആദിമത്തെ ദുഷ്പ്രചരണങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ ആദിവാസി ഗോത്ര സമൂഹത്തെ അപമാനിക്കുകയും അവഹേളിക്കുകയുമാണ് ചെയ്യുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു.
◾പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസും റാലിക്കൊരുങ്ങുന്നു. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഈ മാസം 23-ന് കോഴിക്കോട് കടപ്പുറത്ത് വന്‍ റാലി സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. എല്ലാ മതേതര - ജനാധിപത്യ വിശ്വാസികളേയും റാലിയില്‍ അണിനിരത്തുമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.
◾സിസ്റ്റവും എസ്.എഫ്.ഐയുമാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് അവശനിലയില്‍ കണ്ടെത്തിയ പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിന്റെ സന്ദേശം. അലന്‍ ഷുഹൈബ് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമയച്ച സന്ദേശത്തിലാണ് ഇങ്ങനെ പറയുന്നത്. തന്നെ തീവ്രവാദി ആക്കാന്‍ സിസ്റ്റം ശ്രമിക്കുന്നുവെന്നും തന്റെ ജീവിതം കൊണ്ട് അമ്മാനമാടുകയാണെന്നും സന്ദേശത്തില്‍ പറയുന്നു.
◾കേരളത്തിലെ ക്യാമ്പസുകളില്‍ ജനാധിപത്യം അട്ടിമറിക്കാന്‍ ഇടതുപക്ഷ അധ്യാപക- അനധ്യാപക സംഘടനയുടെ നെക്സസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. എസ്എഫ്ഐ നടത്തുന്ന എല്ലാ ദുഷ്ചെയ്തികള്‍ക്കും പിന്നില്‍ ഈ സംഘത്തിന്റെ വലിയ ഇടപെടലാണുള്ളതെന്നും ഇതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കേരളവര്‍മ്മ കോളേജില്‍ കണ്ടതെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
◾പുല്‍പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ മുന്‍ കെ.പി.സി ജനറല്‍ സെക്രട്ടറിയും ബാങ്ക് മുന്‍ പ്രസിഡന്റുമായ കെ കെ എബ്രഹാമിനെ ഇഡി അറസ്റ്റ് ചെയ്തു. കോഴിക്കോട് ഇഡി യൂണിറ്റിന്റേതാണ് നടപടി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്.
◾കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ ഇഡി അന്വേഷണം സിപിഎം ജില്ലാ സെക്രട്ടറിയിലേക്ക് എത്തിയത് മുന്‍ മാനേജര്‍ ബിജു കരീമിന്റെ മൊഴി മൂലമാണെന്ന് റിപ്പോര്‍ട്ടുകള്‍. വായ്പകള്‍ നിയന്ത്രിച്ചതും അനുവദിച്ചതും സിപിഎം നേതാക്കളായിരുന്നുവെന്ന് ബിജു ഇഡിക്ക് മൊഴി നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബെനാമി വായപകള്‍ നേടിയവര്‍ നേതാക്കള്‍ക്ക് കമ്മീഷന്‍ നല്‍കിയിരുന്നതായും ഇഡിക്ക് വിവരം കിട്ടിയിട്ടുണ്ട്.
◾ഇഡിയെ ഉപയോഗിച്ച് സഹകരണ മേഖലയെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എം.എം.മണി. മനുഷ്യസഹജമായ വീഴ്ചകള്‍ സംഭവിക്കുമെന്നും അത് എല്ലാ കാലത്തും നടന്നിട്ടുള്ളതാണെന്നും എവിടെയെങ്കിലും ചില വീഴ്ചകള്‍ വന്നിട്ടുണ്ട് എന്നതുകൊണ്ട് സഹകരണ പ്രസ്ഥാനങ്ങള്‍ എല്ലാം പിഴയാണെന്ന് കരുതുന്നത് ശുദ്ധ അസംബന്ധമാണെന്നും മണി പറഞ്ഞു. ഇ ഡി ബാങ്കുകളെ മാത്രമല്ല രാഷ്ട്രീയ നേതാക്കളെയും കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾വിശപ്പ് രഹിത കേരളത്തിനായുള്ള ജനകീയ ഹോട്ടലുകള്‍ക്കുള്ള സര്‍ക്കാര്‍ സബ്സിഡി മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടതോടെ പ്രതിസന്ധിയിലായ മലപ്പുറത്ത് നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സെക്രട്ടേറിയേറ്റിന് മുന്നിലെത്തി. കുടുംബശ്രീ വനിതകളെ കടക്കെണിയില്‍ കുടുക്കി ആത്മഹത്യയുടെ വക്കിലേക്ക് സര്‍ക്കാര്‍ തള്ളിയിട്ടെന്നാണ് പ്രതിഷേധത്തിനെത്തിയവര്‍ പ്രതികരിക്കുന്നത്.
◾വാല്‍പ്പാറയില്‍ കാട്ടാനക്കൂട്ടങ്ങള്‍ പച്ചമലൈ എസ്റ്റേറ്റിലെ സ്‌കൂളിന്റെ ഓഫീസ് മുറി തകര്‍ത്തു. ഓഫീസിലെ കംപ്യൂട്ടറുകള്‍, ടിവി, കസേര, മേശ, പാത്രങ്ങള്‍ എന്നിവയും മറ്റു വസ്തുക്കളും കാട്ടാനകള്‍ തകര്‍ത്തു.15 ആനകള്‍ അടങ്ങുന്ന കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
◾റോഡുകളില്‍ മാത്രമല്ല ഇനി തോടുകളിലും എഐ ക്യാമറകള്‍. തലസ്ഥാനത്തെ തോടുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയുവാനാണ് തിരുവനന്തപുരം നഗരസഭ തോടുകളില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കുന്നത്. തോടിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാലുടന്‍ അലാറം ലഭിക്കുകയും മാലിന്യം വലിച്ചെറിഞ്ഞ വ്യക്തിയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു.
◾പോക്സോ കേസ് പ്രതിയായ മലപ്പുറം സിപിഎം ജില്ലാ കമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്നിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് പാര്‍ട്ടി നടപടിയെടുത്തത്.
◾കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം അടക്കം 45 കേസുകളില്‍ പ്രതിയായ കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനീഷിനെ, ആശുപത്രിയിലെത്തിയാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
◾ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാന്‍ ആനയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. 25 വര്‍ഷമായി പുറത്തിറങ്ങാത്ത, ഈയടുത്തു മാത്രം പുറത്തിറക്കി തുടങ്ങിയ ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരന്റെ ആക്രമണത്തിലാണ് രണ്ടാം പാപ്പാന്‍ എ.ആര്‍.രതീഷ് മരിച്ചത്.
◾പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 15-ാം ഗഡുവായ 2000 രൂപ യോഗ്യരായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നവംബര്‍ അവസാനത്തോടെ വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്.
◾ദില്ലിയില്‍ സ്‌കൂളുകള്‍ക്ക് ശൈത്യകാലാവധി നേരത്തെ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ നവംബര്‍ പതിനെട്ട് വരെയാണ് അവധി പ്രഖ്യാപിച്ചത്. വായു ഗുണനിലവാരം അനുവദനീയമായതിന്റെ മൂന്നിരട്ടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ്.
◾കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അമിത് ഷായുടെ പ്രചാരണ വാഹനം വൈദ്യുതി ലൈനില്‍ തട്ടി തീപ്പൊരി ചിതറി. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു സംഭവം.
◾കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ റിമോട്ട് കണ്‍ട്രോളുപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചു. റിമോട്ട് പ്രവര്‍ത്തിക്കുമ്പോള്‍ സനാതന ധര്‍മ്മത്തെ അപമാനിക്കുമെന്നും നരേന്ദ്ര മോദി പരിഹസിച്ചു. പഞ്ചപാണ്ഡവരാണ് ബി ജെപി യെ നിയന്ത്രിക്കുന്നതെന്ന ഖര്‍ഗെയുടെ പരിഹാസത്തെ സ്വാഗതം ചെയ്യുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
◾സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പരസ്യമായി മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷനും പ്രതിപക്ഷ സഖ്യത്തില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നുമാണ് പ്രസ്താവന പിന്‍വലിച്ച് നിതീഷ് മാപ്പ് പറഞ്ഞത്.
◾സ്ത്രീകള്‍ വിദ്യാഭ്യാസം നേടുമ്പോള്‍ ജനസംഖ്യാനിരക്ക് കുറയുന്നുവെന്ന നിതീഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരേ ഇന്ത്യ മുന്നണിയിലെ ഒരു നേതാവുപോലും പ്രതികരിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതേസമയം അധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രധാനമന്ത്രി മാപ്പ് പറഞ്ഞിട്ടുണ്ടോയെന്ന് രാഷ്ട്രീയ ജനതാദള്‍ മുതിര്‍ന്ന അംഗം ശിവാനന്ദ് തിവാരി തിരിച്ചടിച്ചു.
◾ചോദ്യത്തിനു കോഴ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്നും എംപിയായി തുടരാന്‍ അനുവദിക്കരുതെന്നും പാര്‍ലമെന്ററി എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട്. പരിശോധന നടത്തിയ സമിതിയുടേതാണ് നിര്‍ദേശം. 500 പേജുള്ള റിപ്പോര്‍ട്ടില്‍ മഹുവയുടെ പ്രവൃത്തികള്‍ അങ്ങേയറ്റം നീചവും കടുത്ത ശിക്ഷ അര്‍ഹിക്കുന്നതുമാണെന്നും വിഷയത്തില്‍ എത്രയും വേഗത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും നിര്‍ദേശിക്കുന്നുണ്ട്.
◾ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ തൃണമൂല്‍ എം.പി. മഹുവ മൊയ്ത്രയ്‌ക്കെതിരേ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടതായി ബി.ജെ.പി. എം.പി. നിഷികാന്ത് ദുബേ. സിബിഐ വന്ന് ചെരിപ്പുകളുടെ എണ്ണമെടുക്കട്ടെയെന്ന് മറുപടി നല്‍കി മഹുവ മൊയ്ത്രയും.
◾യാത്രക്കാരുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചതിന് എയര്‍ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. സിവില്‍ ഏവിയേഷന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് വിശദീകരണം ആവശ്യപ്പെട്ട് എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
◾നിരീക്ഷണവും ചാരവൃത്തിയും നടത്തുന്ന ഇസ്രയേലിന്റെ സൂപ്പര്‍ ഡ്രോണുകള്‍ ഇനി ഇന്ത്യയിലും. ഹെര്‍മിസ് 900 UAV ഡ്രോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് അദാനി ഡിഫന്‍സ് കമ്പനിയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അതിന്റെ പൂര്‍ണ്ണ ഡെലിവറി സംഭവിക്കുമെന്നാണ് പ്രതീക്ഷ.
◾ശ്രീലങ്കക്കുമേല്‍ ചൈനക്കുണ്ടാകുന്ന സാമ്പത്തിക മേധാവിത്തം തടയുക എന്ന ലക്ഷ്യവുമായി ശ്രീലങ്കയിലെ തുറമുഖ വികസനത്തിന് ഗൗതം അദാനിക്ക് സാമ്പത്തിക സഹായവുമായി അമേരിക്ക. കൊളംബോയില്‍ അദാനി പോര്‍ട്ട് നിര്‍മിക്കുന്ന പോര്‍ട്ട് ടെര്‍മിനല്‍ നിര്‍മാണത്തിനാണ് 4250 കോടി രൂപയുടെ സഹായം അമേരിക്ക അദാനിക്ക് നല്‍കുന്നത്.
◾നിരവധി തവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്ത ഭാര്യയെ വീട്ടിലെത്തി കഴുത്ത് ഞെരിച്ച് കൊന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കര്‍ണാടകയിലാണ് സംഭവം. ചാമരംജനഗറില്‍ നിന്ന് ഇയാള്‍ 230 കിലോമീറ്റര്‍ സഞ്ചരിച്ച് ഹൊസ്‌കോട്ടയ്ക്ക് സമീപമുള്ള ഭാര്യവീട്ടില്‍ എത്തുകയായിരുന്നു. വീട്ടില്‍ കയറുന്നതിന് മുമ്പ് യുവാവ് കീടനാശിനി കുടിച്ച ശേഷമായിരുന്നു കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
◾ഐസ് ഭീകരന്‍ ഛത്തീസ്ഗഢില്‍ പിടിയിലായെന്ന് ഉത്തര്‍പ്രദേശ് പോലിസ്. ഉത്തര്‍പ്രദേശ് എടിഎസിന്റെയും ഛത്തീസ്ഗഡ് പൊലീസിന്റെയും സംയുക്ത സംഘമാണ് ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയില്‍ നിന്നും ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയായ വാജിഹുദ്ദീനെ പിടികൂടിയത്. ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ഐസിസ് പ്രവര്‍ത്തകനായ മുഹമ്മദ് റിസ്വാനുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് ആരോപിക്കുന്നു.
◾കുടിയേറ്റക്കാരായ അഫ്ഗാനിസ്ഥാന്‍കാരെ തിരിച്ചയച്ച് പാകിസ്ഥാന്‍. ഇതുവരെ രണ്ടര ലക്ഷം അഫ്ഗാനികളെയാണ് പാകിസ്ഥാന്‍ തിരിച്ചയച്ചത്. പാക് നടപടിയില്‍ അതൃപ്തി അറിയിച്ച് താലിബാന്‍ രംഗത്തെത്തി. അഫ്ഗാന്‍ കുടിയേറ്റക്കാരെ പുറത്താക്കി പാകിസ്ഥാന്‍ കാബൂളിനെ അപമാനിച്ചെന്നും ഇതിന് തക്ക തിരിച്ചടിയുണ്ടാകുമെന്നും അഫ്ഗാന്‍ വിദേശകാര്യ ആക്ടിംഗ് മന്ത്രി അമീര്‍ ഖാന്‍ മുത്താഖി വ്യക്തമാക്കി.
◾ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളില്‍ കാര്യമായ കുഴപ്പങ്ങളുണ്ടെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. ഗാസ മുനമ്പില്‍ മരിച്ച സാധാരണക്കാരുടെ സംഖ്യ ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തില്‍ 10,500-ല്‍ അധികം ജനങ്ങള്‍ ഇതിനോടകം കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
◾ബ്രസീല്‍ ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മറുടെ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. മൂന്നു പേരടങ്ങുന്ന ആയുധധാരികളായ ആക്രമികള്‍ വീട്ടിലെത്തിയപ്പോള്‍ നെയ്മറുടെ കാമുകി ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. ബ്രൂണയുടെ മാതാപിതാക്കളെ കെട്ടിയിട്ടശേഷം അക്രമികള്‍ കുഞ്ഞിനെ അന്വേഷിച്ചെങ്കിലും വീട്ടില്‍ ബ്രൂണയും കുഞ്ഞും ഇല്ലെന്ന് മനസിലായതോടെ വീട് കൊള്ളയടിച്ച് അക്രമി സംഘം കടന്നുകളഞ്ഞു.
◾ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് സിറാജും. ഇന്ത്യയില്‍ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമായ ഗില്‍ ഒന്നാം റാങ്കിലെത്തുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ്.
◾മഴ വീണ്ടും ന്യൂസിലാണ്ടിനെ ചതിക്കുമോ? ലോകകപ്പില്‍ നാളെ നടക്കാനിരിക്കുന്ന ന്യൂസിലന്‍ഡ്-ശ്രീലങ്ക പോരാട്ടത്തില്‍ മഴ വില്ലനായേക്കുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ ന്യൂസിലാണ്ട് സെമി കാണാതെ പുറത്താവുകയും പാകിസ്ഥാന്റെ സെമി സാധ്യതകള്‍ കൂടുകയും ഇന്ത്യ-പാക് സ്വപ്ന സെമിക്ക് അരങ്ങൊരുങ്ങുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലണ്ട്സിനെതിരെ ഇംഗ്ലണ്ടിന് 160 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 108 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സിന്റേയും 87 റണ്‍സെടുത്ത ഡേവിഡ് മലാന്റേയും മികവില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലണ്ട്സ് 37.2 ഓവറില്‍ 179 റണ്‍സിന് പുറത്തായി.
◾ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ആവര്‍ത്തിച്ച് ഇന്ത്യ. ഇന്ത്യയുടെ ഇടക്കാല ജിഡിപി വളര്‍ച്ചാ പ്രവചനം 0.7 ശതമാനം മുതല്‍ 6.2 ശതമാനം വരെയായെന്നാണ് അമേരിക്കന്‍ റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ കണക്ക്. മറുവശത്ത്, ചൈനയ്ക്ക് പട്ടികയില്‍ കനത്ത തിരിച്ചടി നേരിട്ടു. ഇത്തവണ ചൈനയുടെ വളര്‍ച്ചാ പ്രവചനം ഗണ്യമായി കുറഞ്ഞെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍. നേരത്തെ ലോകബാങ്ക് മുതല്‍ ഐഎംഎഫ് വരെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് എസ്റ്റിമേറ്റ് പുതുക്കി വര്‍ദ്ധിപ്പിച്ചിരുന്നു. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 5.5 ശതമാനമാണെന്ന് ഫിച്ച് റേറ്റിംഗ്‌സ് നേരത്തെ കണക്കാക്കിയിരുന്നു. ഇത് 0.7 ശതമാനം വര്‍ധിച്ച് 6.2 ശതമാനമായി. 2023 മുതല്‍ 2027 വരെയുള്ള ഇടക്കാല കാലയളവാണ് ഫിച്ച് കണക്കാക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 10 സമ്പദ്വ്യവസ്ഥകളില്‍ ഇന്ത്യയുടെ ജിഡിപി ഏറ്റവും ഉയര്‍ന്നതായിരിക്കുമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അടുത്ത മാസങ്ങളില്‍, ഇന്ത്യയിലെ തൊഴില്‍ നിരക്കില്‍ വലിയ പുരോഗതി ഉണ്ടായതായി ഏജന്‍സി പറഞ്ഞു. ഇതുകൂടാതെ, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ തൊഴില്‍ ഉല്‍പാദന ശേഷിയും ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. ഇതാണ് എസ്റ്റിമേറ്റ് പുനഃപരിശോധിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങള്‍. ചൈനയുടെ ജിഡിപിയിലെ ഇടിവിന്റെ ആഘാതം വളര്‍ന്നുവരുന്ന 10 രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ ബാധിച്ചേക്കാമെന്ന് ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഈ രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക് 4.3 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തല്‍.
◾ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്സും സൂപ്പര്‍ ഡ്യൂപ്പര്‍ സിനിമയും ചേര്‍ന്നു നിര്‍മ്മിച്ചു നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഫാലിമി'. ബേസില്‍ ജോസഫും ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റസും ഒന്നിക്കുന്ന ചിത്രം കൂടെയാണ് ഫാലിമി. പേര് സൂചിപ്പിക്കും പോലെയൊരു ഫാമിലി എന്റെര്‍റ്റൈനര്‍ ആയ ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുകയാണ്. ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തില്‍ ജഗദീഷും മഞ്ജു പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുവനന്തപുരത്തു നിന്നൊരു കുടുംബം വാരണാസിയിലേക്ക് നടത്തുന്ന ഒരു യാത്രയും അതിനിടയില്‍ നടക്കുന്ന രസകരവും ഹൃദ്യവുമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ബേസിലും ജഗദീഷും അച്ഛനും മകനുമായി ആണ് ചിത്രത്തിലെത്തുന്നത്. സന്ദീപ് പ്രദീപ്, മീനാരാജ്, ജോമോന്‍ ജ്യോതിര്‍, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ഫാലിമിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നു . കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും രസകരമായി അവതരിപ്പിക്കുന്ന ചിത്രം നവംബര്‍ 17 ന് തീയേറ്ററുകളില്‍ എത്തും. സംവിധായകന്‍ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
◾മധ്യവയസ്‌കനും കിടപ്പ് രോഗിയുമായ അച്ചുതന്റെ ജീവതം പറയുന്ന ചിത്രമായ 'അച്ചുതന്റെ അവസാന ശ്വാസം'ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. എല്‍.എം.എ ഫിലിം പ്രൊഡക്ഷന്‍സ്, പ്രെസ്റ്റോ മൂവീസ്, പെര്‍ഫ്റ്റ് പിക്ച്ചര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ലീനു മേരി ആന്റണി നിര്‍മ്മിച്ച് നവാഗതനായ അജയ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മറിയം, ചട്ടമ്പി, സാജന്‍ ബേക്കറി, അപ്പന്‍ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജോസഫ് ചിലമ്പനാണ് ചിത്രത്തില്‍ അച്ചുതനായി എത്തുന്നത്. ജോസഫ് ചിലമ്പനെ കൂടാതെ പൗളി വല്‍സന്‍, അനില്‍ കെ ശിവറാം, കിരണ്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഓക്‌സിജന്‍ സിലിണ്ടറിനെ ആശ്രയിച്ച് തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന കിടപ്പ് രോഗിയായ അച്യുതന്‍, ആഗോള കോവിഡ്-19 പാന്‍ഡെമിക് ആരംഭിക്കുന്നത് മുതല്‍ ഓക്സിജന്‍ സിലിണ്ടറിന്റെ ആവശ്യകത വര്‍ധിക്കുന്നതും തുടര്‍ന്ന് ഓക്സിജന്‍ ക്ഷാമം അച്ചുതന്റെ ജീവിത്തെ ബാധിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
◾ഇലക്ട്രിക് വാഹന വിപണിയിലേക്ക് കാലെടുത്ത് വയ്ക്കാന്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ സ്വപ്ന പദ്ധതി എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഇവി മേഖലയിലേക്കുള്ള രംഗപ്രവേശം. മിഡ്-വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിലെ (250സിസി -750സിസി) ആഗോളവമ്പന്‍ ഇഐസിഎംഎ മോട്ടോര്‍ ഷോ 2023ലാണ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹന ഡിസൈന്‍ ആശയമായ ഹിമാലയന്‍ ഇലക്ട്രിക് അവതരിപ്പിച്ചു കൊണ്ടാണ് പുതുയുഗത്തിന് ആരംഭം കുറിക്കാന്‍ ആര്‍ഇ ഒരുങ്ങുന്നത്. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ആഗോള തലത്തിലെ അവതരണത്തിനൊപ്പമാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇലക്ട്രിക് ടെസ്റ്റ്ബെഡും കമ്പനി വാഹന പ്രേമികളുടെ മുന്നിലേക്ക് എത്തിച്ചത്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇലക്ട്രിക് ടെസ്റ്റ്ബെഡിന് ഇന്‍-ഹൗസ് ഡിസൈന്‍ ചെയ്ത ബാറ്ററി ബോക്‌സ് ഉണ്ട്, ഇത് പ്രധാന വാഹനത്തിന്റെ ഘടനാപരമായ ഘടകമായി വര്‍ത്തിക്കുകയും ബോഡി വര്‍ക്കിനായി ഓര്‍ഗാനിക് ഫ്‌ളക്‌സ് ഫൈബര്‍ കോമ്പോസിറ്റ് പോലുള്ള പുതിയ മെറ്റീരിയലുകള്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുകയും ചെയ്യുന്നു.
◾സാമ്പ്രദായിക ഡിറ്റക്ടീവ് നോവലുകളില്‍ നിന്ന് വ്യത്യസ്തമായി ചരിത്രം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ എല്ലാ ജ്ഞാന മേഖലകളുടെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന സര്‍ഗ്ഗാത്മകസൃഷ്ടികളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രൈം ഫിക്ഷന്‍ എന്നതിന് ഉത്തമോദാഹരണമാണ് കോഡക്‌സ് ഗിഗാസ്. വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒരു ഗൂഢസംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ചുരുളഴിക്കുന്ന അനുരാഗ് ഗോപിനാഥിന്റെ ആഖ്യാനവും മികച്ചതാണ്. 'കോഡക്സ് ഗിഗാസ്'. ഡിസി ബുക്സ്. വില 256 രൂപ.
◾ഇരുമ്പ് നമ്മുടെ ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒരു രാസ മൂലകമാണ്. ശരീരത്തിലുടനീളം ഓക്സിജന്‍ വഹിക്കുന്ന ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഹീമോഗ്ലോബിന്റെ ഒരു പ്രധാന ഘടകമാണിത്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഇരുമ്പിന്റെ കുറവ് വളരെ സാധാരണയായി കാണപ്പെടുന്നത്. പ്രത്യേകിച്ച് ഗര്‍ഭകാലത്താണ് സ്ത്രീകള്‍ ഇരുമ്പിന്റെ കുറവ് വളരെ കൂടുതലായി നേരിടേണ്ടി വരുന്നത്. ഓരോ മാസവും സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടാകുകയും, അതിലൂടെ അവരുടെ ശരീരത്തിലെ ഇരുമ്പിന്റെ അളവ് കുറയുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ട ഇരുമ്പിന്റെ അളവ് തിരികെ ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, 19നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ദിവസവും 18 മില്ലിഗ്രാം ഇരുമ്പ് അംശമുള്ള ഭക്ഷണം കഴിക്കണം. അതേസമയം ഇതേ പ്രായത്തിലുള്ള പുരുഷന്മാര്‍ക്ക് എട്ട് മില്ലിഗ്രാം ഇരുമ്പ് മതിയാകും. ശരീരത്തിലെ ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നതിന്, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീന്‍, സീഫുഡ്, ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍, ടോഫു, ചീര, കാലെ, ബ്രോക്കോളി തുടങ്ങിയ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ നന്നായി കഴിക്കുന്നത് ശീലമാക്കുക. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍, അത് ശരീരത്തില്‍ ഇരുമ്പ് ശരിയായി ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. ചായ, കാപ്പി മുതലായവയുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. ഇവ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ തടയുന്നു. ഇതുകൂടാതെ, ഇവയ്‌ക്കൊപ്പം ഇരുമ്പ് അടങ്ങിയ വസ്തുക്കളും കഴിക്കരുത്. ഇരുമ്പ് പാത്രങ്ങളില്‍ പുളിയുള്ള വസ്തുക്കള്‍ പാകം ചെയ്യുന്നത് നിങ്ങളുടെ ഭക്ഷണത്തിലെ ഇരുമ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
*ശുഭദിനം*
ആ ഗ്രാമത്തില്‍ ഒരു സര്‍ക്കസ്സുകാരന്‍ വന്നു. അയാള്‍ ഉയരത്തിലുളള കയറിലൂടെ നടക്കുവാന്‍ പോവുകയാണ്. കയ്യില്‍ ഒരു വടി മാത്രമേയുള്ളൂ. അയാള്‍ ആ കയറിലൂടെ നടക്കുന്നത് കാണികള്‍ ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടത്. കയറിന്റെ നടുവില്‍ എത്തിയപ്പോള്‍ അയാള്‍ വല്ലാതെ ഉലഞ്ഞു. കാണികള്‍ പേടിച്ചു. പക്ഷേ, തന്റെ കയ്യിലുള്ള വടിയില്‍ ബാലന്‍സ് ചെയ്ത് കയറിന്റെ മറുഭാഗത്ത് വന്ന് അയാള്‍ ഇറങ്ങി. കാണികള്‍ കയ്യടിച്ചു. അപ്പോള്‍ അയാള്‍ തന്റെ കുഞ്ഞുമായി വീണ്ടും കയറില്‍ കയറി. അത്തവണ അവിടെ പരിപൂര്‍ണ്ണനിശബ്ദതയായിരുന്നു. അവസാനം കുഞ്ഞിനെയും എടുത്ത് കയറിയില്‍ നിന്ന് തിരിച്ചിറങ്ങിയപ്പോള്‍ വീണ്ടും കരഘോഷം ഉയര്‍ന്നു. അയാള്‍ കാണികളോട് ചോദിച്ചു. നിങ്ങള്‍ക്ക് എന്നെ വിശ്വാസമാണോ? അവര്‍ അതെയെന്ന് പറഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞു: എന്നാല്‍ നിങ്ങളിലൊരാളുടെ കുഞ്ഞിനെ തരൂ.. ഞാന്‍ കയറില്‍കൂടി നടന്നുവരാം.. ആരും അതിന് തയ്യാറായില്ല... സര്‍ക്കസുകാരന്‍ പറഞ്ഞു: ഇതുവരെ ഞാന്‍ ഈ കയറില്‍ കൂടി നടക്കുമെന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇല്ല. അയാള്‍ ചിരിച്ചു. ആളുകള്‍ തലതാഴ്ത്തി. മനുഷ്യര്‍ ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. നമുക്ക് മറ്റുളളവരില്‍ വിശ്വാസമുണ്ടായിരിക്കും. എന്നാല്‍ സ്വന്തം കാര്യം വരുമ്പോള്‍ ആ വിശ്വാസം അത്രക്കങ്ങ് ഉണ്ടാകണമെന്നില്ല. നമുക്ക് പലപ്പോഴുംതോല്‍വി സംഭവിക്കുന്നതിന് ഇതാണ് കാരണം. നാം പറയും.. നിനക്കത് ചെയ്യാന്‍ സാധിക്കും.. പക്ഷേ, സ്വയം അത് ചെയ്യാമെന്നുള്ള വിശ്വാസം അവിടെ ഉണ്ടാകണമെന്നില്ല. വിശ്വാസം നമ്മില്‍ നിന്നുമാരംഭിക്കട്ടെ - *ശുഭദിനം.*